വനിതാ മതിൽ സർക്കാർ ചെലവിൽ

1

കൊച്ചി: വനിതാ മതിൽ സർക്കാർ ചെലവിൽ നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കായി നീക്കിവെച്ച ബഡ്ജറ്റ് തുക 50 കോടിയിൽ നിന്നാണ് തുക ചെലവഴിക്കുന്നത്. സ്ത്രീകൾക്കെതിരായുള്ള അക്രമം തടയാൻ വേണ്ടി നീക്കിവെച്ച തുകയാണിത്. സർക്കാർ തുക ചെലവാക്കുന്നത് തടയണമെന്ന വാദം കോടതി അനുകൂലിച്ചില്ല. പകരം വനിതാ മതിലിനു ശേഷം ചിലവായ തുകയുടെ കണക്ക് കോടതിയെ അറിയിക്കണം എന്ന് ആവശ്യപ്പെട്ടു. പ്രളയ പുനരുദ്ധാരണത്തിനുവേണ്ടി വലിയ ഒരു തുക ആവശ്യമുള്ളപ്പോൾ അത്രയും പണം അതിനു വേണ്ടിയല്ലേ ചെലവഴിക്കേണ്ടത് എന്ന് കോടതി ചോദിച്ചു. സ്ത്രീസുരക്ഷയ്ക്കായുള്ള അൻപത് കോടി ബഡ്ജറ്റിൽ തുക ഈ സാമ്പത്തികവർഷം തന്നെ ഉപയോഗിക്കേണ്ടതിനാലാണ് വനിതാ മതിലിനു വേണ്ടി ഉപയോഗിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ ജീവനക്കാർ നിർബന്ധമായും പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും പങ്കെടുത്തില്ലെങ്കിൽ ശിക്ഷാനടപടി ഉണ്ടാകില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.