വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി

0

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി. കോഴിക്കോട് താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി തിരുളാംകുന്നുമ്മല്‍ ടി.കെ ലത്തീഫിന്റെ മൃതദേഹമാണ് അബഹ ത്വാഇഫ് റോഡിലുള്ള ശൂഹത്ത് മഖ്‍ബറയില്‍ ഖബറടക്കിയത്.

ജൂലൈ ഏഴിന് അബഹയിലുണ്ടായ വാഹനാപകടത്തിലാണ് ടി.കെ ലത്തീഫ് മരിച്ചത്. അബഹയിലെ അല്‍ – അദഫ് സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ നാല് വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യ – സജ്ന. മക്കള്‍ – റമിന്‍ മുഹമ്മദ്, മൈഷ മറിയം.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സ്റ്റേറ്റ് വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് ഹനീഫ മഞ്ചേശ്വരം, മുനീര്‍ ചക്കുവള്ളി, ലത്തീഫിന്റെ സഹോദരന്‍ ഷെമീര്‍, സിയാക്കത്ത്, ഷാനവാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുന്നതിനുള്ള രേഖകള്‍ ശരിയാക്കിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, സെക്രട്ടറി അബൂഹനീഫ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ക്കൊപ്പം ലത്തീഫിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു.