സര്‍ഫ്എക്സലിന്‍റെ പുതിയ പരസ്യത്തിനെതിരെ വർഗീയവാദികൾ രംഗത്ത്; സംഗതി വൈറലാക്കി സോഷ്യൽ മീഡിയ

1

അലക്കുപൊടിയായ സര്‍ഫ് എക്സലിന്‍റെ പുതിയ പരസ്യത്തിനെതിരെ വര്‍ഗീയ വാദികൾ രംഗത്ത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള അലക്കുപൊടിയാണ് സർഫ് എക്സ്ൽ. മതസൗഹാര്‍ദ്ദ സന്ദേശം പങ്കുവെക്കുന്ന കമ്പനിയുടെ ഈ പുതിയ പരസ്യം ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വാദികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. മതസൗഹാര്‍ദത്തിന്‍റെ മികച്ച ആശയം പകരുന്ന രീതിയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്. ട്വിറ്ററില്‍ അടക്കമുള്ള എല്ലാ സോഷ്യൽ മീഡിയയിലും സര്‍ഫ് എക്സലിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്.

ഹോളി ആഘോഷങ്ങൾക്കിടയിൽ സൈക്കിളിലെത്തുന്ന പെൺകുട്ടിയെ ആ പ്രദേശത്തുള്ള കുട്ടികൾ നിറങ്ങൾ വാരിയെറിയുന്നു. കൂട്ടുകാരുടെ പക്കലുള്ള എല്ലാ നിറങ്ങളും തീർന്നശേഷം കൂട്ടുകാരനായ മുസ്​ലിം സുഹൃത്തിനെ പെണ്‍കുട്ടി പുറത്തിറങ്ങിവരാൻ വിളിക്കുകയും ചെയ്യുന്നു. വെള്ള വസ്ത്രമിട്ടുവരുന്ന സുഹൃത്തിനെ സൈക്കിളിൽ ഇരുത്തി പള്ളിയില്‍ എത്തിക്കുകയും ചെയ്യുന്നു. പള്ളിക്ക് മുന്നില്‍ ഇറക്കി വിടുമ്പോള്‍ നിസ്കരിച്ച ശേഷം വേഗം എത്താമെന്ന് പറഞ്ഞാണ് കുട്ടി പടികള്‍ കയറി പോകുന്നത്. ഇതാണ് പരസ്യത്തിന്‍റെകഥ.

ഈ പരസ്യത്തിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്രമണവും ബഹിഷ്കരണ ആഹ്വാനവും നടക്കുന്നത്.പരസ്യം പുറത്തുവന്നതോടെ വർഗീയവാദികൾ വിവാദമാക്കുകായായിരുന്നു. പരസ്യവും ഉൽപ്പന്നവും ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ചിലർ ക്യാംപെയിനും ആരംഭിച്ചു. എന്നാൽ കമ്പനിക്കും പരസ്യത്തിനും ശക്തമായ പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ കമ്പനി ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.