സിംഗപ്പൂർ നഗരത്തിന് ഇനി പതിന്മടങ്ങ് വൃത്തി; തെരുവുകൾ വൃത്തിയാക്കാൻ റോബോട്ടുകൾ!

0

ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പേരിൽ കീർത്തികേട്ട രാജ്യങ്ങളിലൊന്നായ സംഗപ്പൂരിന്റെ വഴിയോരങ്ങൾ ഇനി പതിന്മടങ്ങു വൃത്തിയാൽ വെട്ടിത്തിളങ്ങും. കാരണം ശുചീകരണ പ്രവർത്തനങ്ങൾക്കായി ഇനി തെരുവിൽ ഇറങ്ങുന്നത് ഒന്നും രണ്ടുമല്ല 300 റോബോട്ടുകളാണ്. ലയൺസ്ബോട് ഇൻറർനാഷണൽ എന്ന കമ്പനിയാണ് സിംഗപ്പൂർ നിർമിതമായ ഈ റോബോട്ടുകൾക്കു പിന്നിൽ.

2020 മാർച്ചിൽ റോബോട്ടുകൾ പ്രവർത്തനമാരംഭിക്കും. പരിസ്ഥിതി ശുചിയായി സൂക്ഷിക്കുക, രാജ്യത്തെ ഹരിതാഭ നിലനിർത്തുക എന്നീ ലക്ഷ്യത്തോടെയാണ് റോബോട്ടുകൾ നിരത്തിലിറങ്ങുന്നത്. പൊതു ഇടങ്ങൾ തൂത്തുവാരുക, കഴുകി വൃത്തിയാക്കുന്നതിനോടൊപ്പം സിംഗപ്പൂരിലെ ജനങ്ങളോട് രാജ്യത്തെ പ്രാദേശിക ഭാഷകളിൽ കൂട്ടുകാരെപ്പോലെ പോലെ സംവദിക്കാനുള്ള കഴിവും ഇവയ്ക്ക് കഴിയും.

സംസാരമാത്രമല്ല പാട്ടും ആട്ടവുമൊക്കെയുണ്ട് ഇവരുടെ കയ്യിൽ. പ്രത്യേക ആപ്ലിക്കേഷൻ വഴി റോബോട്ടുകളോട് ചോദ്യം ചോദിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ജോലികളിൽ വ്യാപൃതരായിരിക്കുന്ന സമയത്ത് റോബോട്ടുകളോട് ഇടപെടരുതെന്ന നിർദ്ദേശവും നിർമാതാക്കൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. കാരണം ജോലി തടസ്സപ്പെടുത്തി അവ സംസാരത്തിന് മുതിരും എന്നതുതന്നെ.

1,350 മുതൽ 2,150 സിംഗപ്പൂർ ഡോളർ എന്ന നിരക്കിലാണ് റോബോട്ടുകളുടെ വാടക. വിവിധ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുന്ന 13 തരം റോബോട്ടുകളെയാണ് നിർമിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷാമം നികത്തുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കു പിന്നിലുണ്ട്.