ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആരോപണം: മറുപടിയുമായി മഞ്ജു വാര്യര്‍

1

ആദിവാസികള്‍ക്ക് വീട് നിര്‍മിച്ചുനല്കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന ആരോപണം തീര്‍ത്തും തെറ്റാണെന്ന് നടി മഞ്ജു വാര്യര്‍. ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു വാര്യർ വിശദമാക്കി. പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തിയിരുന്നു. പക്ഷെ തനിക്ക് മാത്രം ചെയ്യാൻ കഴിയാത്തതിനാൽ സർക്കാറിന്റെ സഹായം തേടിയിരുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു. ഈ വിവരം അന്നേ സര്‍ക്കാരിനെ അറിയിച്ചിരുന്നു-മഞ്ജു പറഞ്ഞു. അതിന് ശേഷം ഇപ്പോൾ ആരോപണം ഉയർന്നുവന്നതിന് പിന്നിൽ ആരുടെയെങ്കിലും ദുരുദ്ദേശമുണ്ടാകാമെന്നും അവർ പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിച്ചതി​െൻറ ഫലമാണ് ആരോപണം.

ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിങ്കളാഴ്ച കൂടി മന്ത്രി എ.കെ ബാലനുമായി സംസാരിച്ചതാണ്. ഇത് ഒറ്റക്ക് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന പദ്ധതിയല്ലെന്ന് അദ്ദേഹവും പറഞ്ഞുവെന്നും മഞ്ജുവാര്യർ വ്യക്തമാക്കി.മഞ്ജു വാര്യർ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ ഉള്ളതിനാല്‍ മറ്റ് സഹായങ്ങള്‍ ലഭിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും മഞ്ജു വിശദമാക്കി.

വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് മഞ്ജു വാര്യർ വഞ്ചിച്ചതായി വയനാട് പനമരത്തെ ആദിവാസി കുടുംബങ്ങൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വയനാട് പനമരം പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീടുനിര്‍മ്മിച്ചുനല്‍കുമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തുവെന്നാണ് ആദിവാസികള്‍ പറയുന്നത്. ആദിവാസികുടുംബങ്ങള്‍ക്ക് വീടുനിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതിനാല്‍ നടി മഞ്ജുവാര്യരുടെ തൃശ്ശൂരിലെ വീട്ടുപടിക്കല്‍ 13 മുതല്‍ കുടില്‍കെട്ടി സ ത്യാഗ്രഹം നടത്തുമെന്ന് ഇന്ദിര വെള്ളന്‍, മിനി കുമാരന്‍, പാറ്റ വെള്ളന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. താനെന്നും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ഏതു പരിപാടിയുടെയും മുന്‍നിരയിലുണ്ടാകും. ഈ വിവരവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.