കേരള പൊലീസ് തൊപ്പി മാറ്റുന്നു; പി തൊപ്പികള്‍ക്ക് പകരം ‘ബറേ’ തൊപ്പികള്‍

0

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാരുടെ തൊപ്പി മാറുന്നു. ഇപ്പോഴുള്ള പി (Pea) തൊപ്പികൾക്കു പകരം ബറേ തൊപ്പികളായിരിക്കും ഇനി എല്ലാ ഉദ്യോഗസ്ഥരും ഉപയോഗിക്കുക. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ബറേ തൊപ്പികൾ എല്ലാവർക്കും നൽകാൻ തീരുമാനമായി. ഡിജിപിയുടെ അധ്യക്ഷയിൽ ചേർന്ന സ്റ്റാഫ് കൗണ്‍സിൽ യോഗമാണ് തീരുമാനമെടുത്തത്.

ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പൊലീസ് സംഘടനകൾ ഡി.ജി.പിയെ അറിയിച്ചിരുന്നു. സംഘർഷ മേഖലകളിലും മറ്റും നടപടികളിലേക്കു കടക്കുമ്പോൾ ഇപ്പോഴുള്ള പി തൊപ്പ് തലയിൽ നിന്നു വീഴുന്നതു പതിവാണെന്നും ഇതു സംരക്ഷിക്കാൻ പാടുപെടേണ്ടി വരുന്നുവെന്നും നേരത്തെ തന്നെ കേരള പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും അറിയിച്ചിരുന്നു. മാത്രമല്ല,​ ചൂടും ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു. യാത്രകളിലും ഇത് ബുദ്ധിമുട്ടാണെന്ന് പൊലീസ് ഡ്രൈവർമാരും പരാതി ഉന്നയിച്ചിരുന്നു. കൊണ്ടു നടക്കാൻ എളുപ്പവും ബെറേ തൊപ്പികൾക്കാണെന്നായിരുന്നു പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ വാദം.

തീരുമാനം നടപ്പാകുന്നതോടെ സിപിഒ മുതൽ സിഐവരെയുള്ളവർക്കു കൂടി ബറേ തൊപ്പി ലഭിക്കും. താഴ്ന്ന റാങ്കിലുള്ളവർക്കു കറുപ്പും എസ്ഐ, സിഐ റാങ്കിലുള്ളവർക്കു നേവി ബ്ലു തൊപ്പിയുമാണു ലഭിക്കുക. വൈഎസ്പി മുതൽ മുകളിലുള്ളവർക്കു നിലവിലുള്ള റോയൽ ബ്ലു നിറത്തിലെ തൊപ്പി തുടരും.

പക്ഷെ ഉന്നത ഉദ്യോഗസ്ഥരെ വ്യത്യസ്തരാക്കിയിരുന്ന തൊപ്പികള്‍ എല്ലാവർക്കും അനുവദിക്കുന്നതിൽ ചിലർ രഹസ്യമായി അതൃപ്തി പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ,​ പാസിംഗ് ഔട്ട്, വി.ഐ.​പി സന്ദർശം, ഔദ്യോഗിക ചടങ്ങുകൾ എന്നീ സമയങ്ങളിൽ പഴയ തൊപ്പി തന്നെ ഉപയോഗിക്കണം. പുതിയ പരിഷ്‌കാരം സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും