10,000 ലിറ്റര്‍ വെള്ളം എന്നും ദാനം നല്‍കി നന്മയുടെ പ്രതീകമായി ഷെയ്ഖ് മതീന്‍ മൂസഭായി

0

ഇന്ത്യയില്‍ പലയിടത്തും വരള്‍ച്ച രൂക്ഷമായി വരികയാണ്. വറ്റാത്ത നീരുറവ വീട്ടില്‍ ഉള്ളവര്‍ നാളെത്തേക്കായി നിധി പോലെ കാത്തു വയ്ക്കുകയാണ്. ഇതിനൊരു അപവാദമായി "കിണര്‍ വറ്റുകയാണെങ്കിലും ശരി അതുവരെ ഞാന്‍ എന്‍റെ അരികില്‍ വെള്ളത്തിനായി എത്തുന്നവര്‍ക്ക് എന്നും വെള്ളം നല്‍കും, കിണര്‍ വറ്റുകയാണെങ്കില്‍ അവരെ പോലെ കുടവുമായി വെള്ളത്തിനായി പോകാനും തയ്യാറാണ്" എന്ന് പറഞ്ഞു മൂന്നു മാസമായി എന്നും പതിനായിരം ലിറ്റര്‍ വെള്ളം ദാനമായി നല്‍കുകയാണ് മതീന്‍ ഭായി എന്ന് നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന ഷെയ്ഖ് മതീന്‍ മൂസ.
 
വരള്‍ച്ച കാരണം ജനങ്ങള്‍ വെള്ളത്തിന്‌ നെട്ടോട്ടമോടുന്ന ലാത്തൂരില്‍ ആണ് മനുഷ്യത്വത്തിന്‍റെ മാതൃകയായി മതീന്‍ ഭായി എന്നും വീട്ടിലെ കുഴല്‍ക്കിണറില്‍ നിന്നും വെള്ളത്തിനായി വരുന്ന അയല്‍ക്കാര്‍ക്കും, അയാള്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്കും വെള്ളം നല്‍കുന്നത്. പലരും വെള്ളത്തിന്‌ പണം നല്‍കാന്‍ തയ്യാറായെങ്കിലും അദ്ദേഹം വാങ്ങുവാന്‍ തയ്യാറായില്ല. അദ്ധ്യാപകനായ അദ്ദേഹം ഇത് കൂടാതെയും നാട്ടില്‍ പല സേവന കര്‍മ്മങ്ങളിലും മുന്‍ നിരയിലാണ്, പേര് അര്‍ത്ഥമാക്കുന്നത് പോലെ ദൃഢമായ നന്മയുടെ പ്രതീകമായി.