ടൈഗര്‍ എയര്‍ ടിക്കറ്റ് നിരക്ക് 1300 ഡോളര്‍ വരെ , ബജറ്റ് എയര്‍ലൈന്‍ എന്നത് പേരില്‍ മാത്രം

0

സിംഗപ്പൂര്‍ : തിരുവനന്തപുരം സര്‍വീസ് അവസാനിപ്പിച്ചതിന് പുറമേ നിരക്കുകളില്‍  അസാധാരണമായ വര്‍ധനവ് വരുത്തി ടൈഗര്‍ എയര്‍ യാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു .തിരക്കുള്ള ക്രിസ്തുമസ് -ന്യൂ ഇയര്‍ സീസണുകള്‍ മുന്നില്‍ കണ്ട് ഡിസംബര്‍ മാസത്തിലെ റിട്ടേണ്‍ ടിക്കറ്റിന് 1300 ഡോളര്‍ വരെയാണ് ബജറ്റ് എയര്‍ലൈന്‍സ്‌ ഈടാക്കുന്നത് .ഇതേ ദിവസം ഫൈവ്സ്റ്റാര്‍  എയര്‍ലൈന്‍സായ  സില്‍ക്ക് എയറില്‍ യാത്ര ചെയ്യുവാന്‍ 300 ഡോളര്‍ കുറച്ചു നല്‍കിയാല്‍ മതിയാകും .രണ്ടുമാസം മുന്‍പേ ബുക്ക് ചെയ്യുമ്പോഴുള്ള നിരക്കാണ് ഇത്തരത്തില്‍ ഉയര്‍ന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത .

വാരാന്ത്യത്തിലും പൊതു അവധി സമയത്തും ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് കുടുംബമായി യാത്ര ചെയ്യുന്നവരെ മറ്റു എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു .കൊലാലംപൂര്‍ വഴിയുള്ള യാത്രയ്ക്ക് ചിലവ് കുറവായതിനാല്‍ സിംഗപ്പൂരിലെ നല്ലൊരുഭാഗം മലയാളികളും ഇത്തരത്തില്‍ യാത്ര ചെയ്യുന്നതായാണ് കാണുന്നത് .

എന്നാല്‍ ടൈഗര്‍ എയര്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ കാത്തിരുന്ന് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് 250 ഡോളറിനു റിട്ടേണ്‍ ടിക്കറ്റുകള്‍ ലഭ്യമാണ് .നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തുന്ന ടൈഗര്‍ എയര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു ലാഭം വര്‍ദ്ധിപ്പിക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട് .പല റൂട്ടുകളിലും ക്രമാതീതമായി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതായി സിംഗപ്പൂര്‍ മീഡിയകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു .

കൂടുതല്‍ ആളുകള്‍ കൊലാലംപൂര്‍ വഴി യാത്ര ചെയ്യുന്നത് സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുകയും അതുമൂലം സര്‍വീസുകള്‍ റദ്ദു ചെയ്യുവാനും സാദ്ധ്യതകള്‍ കൂടുതലാണ് .എന്നാല്‍ നിരക്കില്‍ ഇളവുകള്‍ ലഭിക്കാത്ത പക്ഷം മറ്റു സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുവാന്‍ പലപ്പോഴും യാത്രക്കാര്‍ തയ്യാറാവുകയാണ്‌ .സാധാരണ സമയങ്ങളില്‍ 300 ഡോളര്‍ ,തിരക്കുള്ള മാസങ്ങളില്‍ 600 ഡോളര്‍ വരെ ടൈഗര്‍ എയര്‍ ഈടാക്കുന്നത് അന്ഗീകരിക്കാവുന്നതാണ് എന്നാണ് ഭൂരിഭാഗം ആളുകളുടെയും നിലപാട് .കാരണം ബാഗേജ് ,ഭക്ഷണം എന്നീ ചിലവുകള്‍ വേറെയും ഉള്ളപ്പോള്‍ 800 ഡോളറും അതിനും മുകളില്‍ നിരക്കുകള്‍ ഈടാക്കുന്നത് ടൈഗര്‍ എയര്‍ പോലെയുള്ള ബജറ്റ് എയര്‍ലൈന്‍സിനെ പ്രതികൂലമായി ബാധിക്കും .