തമിഴ് സിനിമകളുടെ സാങ്കേതിക മികവിന്റെ വളർച്ചാ വഴിയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ് എസ്. ശങ്കർ. ഏറ്റവും കൂടുതൽ ബിഗ് ബജറ്റ് സിനിമകൾ സംവിധാനം ചെയ്ത ഇന്ത്യൻ സംവിധായകൻ എന്ന വിശേഷണത്തേക്കാൾ സിനിമാ മേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു സംവിധായകൻ എന്ന നിലക്കാണ് ശങ്കർ കൂടുതലും ശ്രദ്ധേയനായിട്ടുള്ളത്. ആ തലത്തിൽ തെന്നിന്ത്യൻ സിനിമാ നിർമ്മാണങ്ങൾക്ക് അദ്ദേഹം നൽകിയിട്ടുള്ള പിന്തുണയും ഊർജ്ജവുമൊന്നും ചെറുതല്ല. 1993 ലെ ‘ജെന്റിൽമാൻ’ തൊട്ട് തുടങ്ങി 2018 ലെ ‘2.0’ വരെയുള്ള സിനിമകൾക്കായി പ്രമേയപരമായും അവതരണപരമായും എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിച്ചിട്ടുള്ള ഒരു സംവിധായകൻ എന്ന നിലക്ക് അദ്ദേഹത്തിന്റെ സിംഹാസനത്തിന് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. ശങ്കർ സിനിമകൾ വിമർശിക്കപ്പെട്ടാലും ശങ്കർ എന്ന സംവിധായകനെ അംഗീകരിക്കാത്ത ഒരു ആസ്വാദന സമൂഹം ഇനിയുണ്ടാകുകയുമില്ല.

Director Sankar

ശങ്കർ സിനിമകൾ ഇന്ത്യൻ സിനിമാ ആസ്വാദകരിൽ ഉണ്ടാക്കുന്ന പ്രതീക്ഷകളുടെ ഭാരം വളരെ വലുതാണ് എന്നത് കൊണ്ട് തന്നെ രണ്ടു വിധത്തിലുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ കുറച്ചു കാലമായി ശങ്കർ സിനിമകൾക്ക് ലഭിക്കുന്നത്. പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് പറയുന്നവർ ശങ്കർ സിനിമയെ വെറും യുക്തി കൊണ്ടു അളന്നു കാണാൻ ശ്രമിക്കുന്നതാണ് അതിന്റെ പ്രധാന കാരണം. കെട്ടുറപ്പുള്ള തിരക്കഥകളുടെ പിൻബലമില്ലാതെ സാങ്കേതിക വിദ്യക്കായി കൂടുതൽ സമയവും പണവും ചിലവഴിക്കുന്ന പ്രവണതയും ഒരു പരിധി വരെ ശങ്കർ സിനിമകളെ ബാധിക്കുന്നു. വിക്രമിനെ നായകനാക്കി ചെയ്ത ‘ഐ’ യിലും അത് പ്രകടമായിരുന്നു. കോടികൾ മുടക്കുന്നത് ഗ്രാഫിക്സിനു വേണ്ടി മാത്രമാകുകയും ആ ഗ്രാഫിക്സിനു സിനിമയുടെ പ്രമേയത്തിലോ കഥയിലോ അവതരണത്തിലോ കാര്യമായ പ്രസക്തിയില്ലാതെ പോകുകയും ചെയ്ത അവസ്ഥയാണ് ‘ഐ’ സിനിമയുടെ കാര്യത്തിൽ സംഭവിച്ചതെങ്കിൽ ‘2.0’ യിൽ സംഭവിക്കുന്നത് ഗ്രാഫിക്സിന് കാര്യമായ പ്രസക്തി ഉള്ള പ്രമേയത്തിന് അനുസരിച്ച ശക്തമായ ഒരു തിരക്കഥയുടെ കുറവാണ്.

Rajanikanth and Akshaykumar

മൊബൈൽ ഫോൺ മനുഷ്യന്റെ സ്വാഭാവിക ജീവിതത്തെ എങ്ങിനെയൊക്കെ ബാധിച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ പറയാൻ ഒരുപാടുണ്ട്. മൊബൈൽ ഫോണുകൾ ഇല്ലാത്ത ഒരു മനുഷ്യ ജീവിതം ഇക്കാലത്ത് സാധ്യവുമല്ല. ഈ ഒരു സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗവും അതുമായി ബന്ധപ്പെട്ട റേഡിയേഷൻ പ്രശ്നങ്ങളും പ്രകൃതിയെയും ജന്തുജാലങ്ങളെയും മനുഷ്യനെയുമൊക്കെ എങ്ങിനെയൊക്കെ ബാധിച്ചേക്കാം എന്ന ചിന്തക്ക് ഒരുപാട് പ്രസക്തിയുണ്ട്. മൊബൈൽ ഫോൺ റേഡിയേഷൻ കൊണ്ട് മനുഷ്യനോ പ്രകൃതിക്കോ യാതൊരു വിധ പ്രശ്നവും വരുന്നതായി ശാസ്ത്രീയമായ റിപ്പോർട്ടുകൾ ഇല്ല എന്ന വാദം ഉന്നയിച്ചു കൊണ്ട് സിനിമയുടെ പ്രമേയത്തെ തൊട്ട് സകലതിനെയും ഭള്ള് പറയുന്ന ഒരു വിഭാഗം പ്രേക്ഷകരോട് യോജിക്കാൻ സാധിക്കില്ല. 2011ൽ ലോകാരോഗ്യ സംഘടന തന്നെ മുൻകൈ എടുത്ത് നടത്തിയ ഗവേഷണത്തിൽ മൊബൈൽ ഫോൺ വികിരണങ്ങൾ മനുഷ്യരിൽ അർബുദം ഉണ്ടാക്കിയേക്കാമെന്നു വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും മൊബൈൽ വികിരണങ്ങൾ അർബുദങ്ങൾക്ക് കാരണമാകുമോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള പഠന റിപ്പോർട്ടുകൾക്കപ്പുറം ശാസ്ത്രീയമായൊരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേ സമയം മൊബൈൽ ഫോൺ വികിരണങ്ങൾ കുറക്കുന്നതിനായി പ്രായോഗിക നിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്. ശാസ്ത്രീയമായ സ്ഥിരീകരണം ലഭിക്കാത്ത ഈ ഒരു പ്രശ്ന വിഷയത്തെ ഫിക്ഷന്റെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ശങ്കർ 2.0 യിൽ അവതരിപ്പിക്കുന്നത്.

ഒരു സുപ്രഭാതത്തിൽ മൊബൈൽ ഫോണുകൾ അപ്രത്യക്ഷമാകുന്നതിന്റെ രഹസ്യം തേടുന്ന ഡോക്ടർ വസീഗരൻ അഞ്ചാം ബലത്തെ കുറിച്ച് ഒറ്റ വാക്കിൽ പറഞ്ഞു പോകുന്നത് കാണാം സിനിമയിൽ. ഭൗതിക ശാസ്ത്ര പ്രകാരം അടിസ്ഥാന ബലങ്ങൾ നാലാണ്- ഗുരുത്വാകർഷണ ബലം, വൈദ്യുത കാന്തിക ബലം, അതിശക്ത ബലം, ദുർബല അണുകേന്ദ്ര ബലം. അഞ്ചാമതായി ഉണ്ടായിരിക്കാം എന്ന് വിശ്വസിക്കപ്പെടുന്ന ബലത്തെ കുറിച്ച് ആധികാരികമായ ഉറപ്പുകൾ ഒന്നുമില്ലെങ്കിലും അതേ കുറിച്ചും ശാസ്ത്രം ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. മിത്തോളജിക്കൽ കോസ്മോളജിയിൽ മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും കൃതികളുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ സയൻസിനു അന്വേഷിച്ചു കണ്ടെത്താനാകുന്ന പലതും അക്കൂട്ടത്തിലും ഉണ്ട് എന്ന് നിരീക്ഷിക്കാം. പ്രപഞ്ചത്തിൽ കാണാനും തൊടാനും കഴിയാത്ത വിധമുള്ള ദ്രവ്യത്തെ തമോദ്രവ്യം അഥവാ Dark Matter എന്നാണ് സയൻസ് വിശേഷിപ്പിക്കുന്നത്. തമോ ഊർജ്ജങ്ങളെ പോലെ നമുക്ക് കാണാൻ സാധിക്കാത്ത ഊർജ്ജ ഉറവിടങ്ങൾ നമുക്ക് ചുറ്റും നില നിൽക്കുകയും അവ മറ്റു വസ്തുക്കളിൽ ഗുരുത്വാകർഷണ സ്വാധീനം ചെലുത്തുകയും ചെയ്യുന്നതായുള്ള ഒരു ചിന്തയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സിനിമയിലെ പക്ഷിരാജൻ എന്ന കഥാപാത്രത്തെ ഒരുക്കാൻ സാധിച്ചിരുന്നെങ്കിൽ ഒരു പക്ഷേ സിനിമക്ക് കുറച്ചു കൂടി ശാസ്ത്രീയമായ അടിത്തറ ഉണ്ടാകുമായിരുന്നു എന്ന് കരുതുന്നു. ഇവിടെ പോസിറ്റിവ് എനർജിയെന്നും നെഗറ്റിവ് എനർജിയെന്നും പറഞ്ഞു ഡോക്ടർ വസീഗരനും പുള്ളിയുടെ ചീഫും കൂടെ വളരെ നിസ്സാരമായി അത്ഭുത പ്രതിഭാസത്തെ വിലയിരുത്തുന്നത് ഒരു പക്ഷേ സയൻസ് വിശദീകരിച്ചു കൊണ്ട് സിനിമാസ്വാദനം സങ്കീർണ്ണമാക്കേണ്ട എന്ന് കരുതിയുമാകാം.

‘യെന്തിരൻ’ പറഞ്ഞു വച്ച കഥയുടെ തടുർച്ചയല്ലെങ്കിലും ഡോക്ടർ വസീഗരനും ചിട്ടിയും രണ്ടാമതും സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നത് കാണാൻ ഒരു കൗതുകമുണ്ടായിരുന്നു. ചിട്ടിയുടെ രണ്ടാം വരവിനായുണ്ടാക്കിയ മിഷൻ എന്നതിനേക്കാൾ മുഴുനീള സിനിമയിൽ ശക്തനായ എതിരാളിയായി തിളങ്ങുകയാണ് അക്ഷയ് കുമാറിന്റെ പക്ഷി രാജൻ എന്ന കഥാപാത്രം. ഒരർത്ഥത്തിൽ 2.0 യിലെ ഏറ്റവും നീതി പുലർത്തിയ കഥാപാത്ര സൃഷ്ടി എന്ന് പറയാവുന്നത് പക്ഷിരാജൻ തന്നെയാണ്. പക്ഷി രാജന്റെ ഫ്ലാഷ് ബാക്ക് കഥ അത്ര മാത്രം മനസ്സിൽ തൊടുന്നതു കൊണ്ടാകാം നെഗറ്റിവ് വേഷമായിട്ട് പോലും പക്ഷിരാജനോട് സഹതാപം തോന്നിപ്പോകും. ആമി ജാക്സന്റെ റോബോട്ട് കഥാപാത്രത്തിനു ഒരുപാടൊന്നും ചെയ്യാനില്ലായിരുന്നെങ്കിലും റോബോട്ട് ഏതാണ് ആമി ജാക്സൺ ഏതാണ് എന്ന് മനസ്സിലാകാത്ത വിധം എന്നത്തേയും പോലെ ‘ഭാവ വ്യത്യാസങ്ങളി’ല്ലാതെ അവർ അഭിനയിച്ചിട്ടുണ്ട്. ചെറുതെങ്കിലും കലാഭവൻ ഷാജോൺ തനിക്ക് കിട്ടിയ കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. ഒരു പക്ഷേ മണി ജീവിച്ചിരുന്നിരുന്നെങ്കിൽ മണിക്ക് കിട്ടുമായിരുന്ന ഒരു കഥാപാത്രമായിരുന്നിരിക്കാം അത്.

മൊബൈൽ കമ്പനികളും ടവറുകളും ഫോണുകളും അതിന്റെ ഉപഭോക്താക്കളായ നമ്മളുമടക്കം പ്രതിക്കൂട്ടിലായി പോകുന്ന കാര്യ കാരണങ്ങളാണ് പക്ഷി രാജൻ പറയുന്നത് എന്നതിനാലാകാം പ്രമേയത്തിലെ യുക്തിയെ ചോദ്യം ചെയ്യാൻ പല പ്രേക്ഷകർക്കും താൽപ്പര്യം കൂടിയത്. ഡോക്ടർ വസീഗരന്റെ തന്നെ ഡയലോഗ് കടമെടുത്ത് പറഞ്ഞാൽ പക്ഷിരാജന്റെ ചെയ്തികളെ മാത്രമേ നമ്മൾ എതിർക്കേണ്ടതുള്ളൂ പക്ഷിരാജൻ പറഞ്ഞതും ചോദിച്ചതുമായ കാര്യങ്ങളെ പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല. ആ നിലക്ക് 2.0 യിലെ പക്ഷി രാജന്റെ ആശങ്കകളെയും ചോദ്യങ്ങളെയുമൊക്കെ ഒന്നുകിൽ സിനിമാപരമായി മാത്രം കാണുക അതുമല്ലെങ്കിൽ അത്തരം ചോദ്യങ്ങൾക്ക് ശാസ്ത്രീയമായി ഉത്തരങ്ങളുണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്താൻ ശ്രമിക്കുക. ഈ ലോകം മനുഷ്യന് വേണ്ടി മാത്രമുള്ളതല്ല എന്ന സിനിമയുടെ ഓർമ്മപ്പെടുത്തൽ അപ്പോഴും പ്രസക്തമാണ്.

ആകെ മൊത്തം ടോട്ടൽ = തലച്ചോറ് കൊണ്ട് സിനിമ കണ്ടു ശീലിച്ചവർക്ക് അതുമല്ലെങ്കിൽ യുക്തിയും ശാസ്ത്രീയതയുമൊക്കെ കുറിച്ചെടുത്ത് അളന്ന് കാണുന്നവർക്കൊന്നും പറഞ്ഞിട്ടുള്ള സിനിമയല്ല 2.0. പ്രമേയത്തിന് പിന്തുണ നൽകുന്ന ശക്തമായ തിരക്കഥ ഇല്ലാതെ പോയി എന്നതൊഴിച്ചാൽ ഇന്ത്യൻ സിനിമാ സാങ്കേതിക വിദ്യകളുടെ പരിമിതികൾക്കിടയിലും അഭ്രപാളിയിൽ വിസ്മയം തീർക്കാൻ ശങ്കറിന് സാധിച്ചിട്ടുണ്ട്. 3D ഇഫക്ട്സിന്റെ മികവ് അക്കൂട്ടത്തിൽ എടുത്തു പറയാവുന്നതാണ്. സാങ്കേതികമായി യെന്തിരനെ വെല്ലുമ്പോഴും പിരിമുറുക്കം നൽകുന്ന കഥയോ അവതരണമോ 2.0 ക്കുള്ളതായി അവകാശപ്പെടാനില്ല എന്ന് മാത്രം. എന്തായാലും ചിട്ടിക്ക് ശേഷം ഇനി കുട്ടി – വേർഷൻ 3.0 ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിക്കാം.

Originally Published in സിനിമാ വിചാരണ