രജനി കാന്തിന്റെ 2.0 ഫസ്റ്റ് ലുക്ക് 20-ന്‌

0

ശങ്കറിന്റെ രജനി കാന്ത് ചിത്രമായ 2.0-ന്റെ ഫസ്റ്റ് ലുക്ക് നവംബർ 20-ന് മുംബയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഏകദേശം 350 കോടി ചെലവിൽ നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രജനികാന്തിനു പുറമേ ബോളിവുഡ് താരം അക്ഷയ് കുമാറും ആമി ജാക്‌സണും മലയാളി താരങ്ങളായ കലാഭവൻ ഷാജോണും റിയാസ് ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രശസ്ത നിർമ്മാതാവും സൂപ്പർഹിറ്റ് ബോളിവുഡ് സംവിധാകനുമായ കരൺ ജോഹർ ആകും മുംബയിലെ യശ്‌രാജ് സ്റ്റുഡിയോയിൽ നടക്കാനിരിക്കുന്ന താരനിബിഡമായ ചടങ്ങിന് നേതൃത്വം വഹിക്കുക. ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലും (https://www.youtube.com/LycaProduction) ലൈക്കാ മൊബൈൽ ആപ്പിലും ഈ ചടങ്ങ് തത്സമയം വീക്ഷിക്കാം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യൻ സിനിമയിൽ ഇത് ആദ്യമായാണ് ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിൽ ഇന്ത്യൻ സിനിമയിൽ ശങ്കർ എന്നും മുൻനിരയിൽ തന്നെയാണ്. ആ പുതുമ ഈ 2.0-ന്റെ ഫസ്റ്റ് ലുക്കിലും ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ.