പ്രവാസി എക്സ്പ്രസ് നൈറ്റ് 2013 നാളെ

0

പ്രവാസി എക്സ്പ്രസിന്‍റെ വാര്‍ഷികാഘോഷം “പ്രവാസി എക്സ്പ്രസ് നൈറ്റ്‌”  നാളെ വൈകുന്നേരം 5:30 മുതൽ ബുക്കിത് മേരാ സ്പ്രിംഗ് ആഡിറ്റോറിയത്തില്‍  നടക്കും . രാഷ്ട്രീയ സാമൂഹ്യ കലാ സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ.വി.എസ്.അച്യുതാന്ദന്‍ മുഖ്യാതിഥി ആയിരിക്കും.

ലോക പ്രശസ്തയായ മോഹിനിയാട്ടം നര്‍ത്തകി ഗോപിക വര്‍മ, യുവനടൻ ഉണ്ണി മുകുന്ദൻ, കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍, ഗായകന്‍ അനൂപ്‌ ശങ്കര്‍, ഗായിക സംഗീത പ്രഭു, ടെലിവിഷന്‍ താരം രസ്ന, വയലിന്‍ സെന്‍സേഷന്‍ ശബരീഷ്  തുടങ്ങിയവരുടെ കലാ പരിപാടികളും അരങ്ങേറും. തദവസരത്തില്‍ സിംഗപ്പൂരിലെ എഴുത്തുകാരുടെ രചനകള്‍ പുസ്തകരൂപേണ പ്രസിദ്ധീകരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.

പ്രവാസി എക്സ്പ്രസ് സംഘടിപ്പിച്ച ആഗോള സാഹിത്യ മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും സമ്മാനദാനവും വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നതാണ്.

നമ്മുടെ ഭാഷയും സംസ്കാരവും ജീവിതസ്പന്ദനവും വാർത്തകളും സിംഗപ്പൂർ മലയാളികൾക്ക് എത്തിച്ചുകൊടുക്കാൻ ഒരു വർഷം മുൻപ് കൊളുത്തിയ ഈ കൈതിരിവെട്ടം ഉജ്വലപ്രഭയോടെ മുന്നോട്ട് കൊണ്ട് പോകുവാന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജമാവേണ്ടത് നിങ്ങളോരോരുത്തരുമാണ്. നിങ്ങളുടെ വിലയേറിയ സാന്നിദ്ധ്യം ഈ ചടങ്ങിനെ മഹനീയമാക്കും. സാഹിത്യവും കലയും സംസ്കാരവും സമന്വയിക്കുന്ന ഈ വേദിയിലേക്ക് ഓരോ സിംഗപ്പൂർ മലയാളിയെയും 'പ്രവാസി എക്സ്പ്രസ്സ്‌' ഹാർദ്ദമായി സ്വാഗതം ചെയ്യുന്ന!

Venue: Spring,  2 Bukit Merah Central, Singapore 159835
Date & Time: 3rd  August 2013 5:30 PM