നവംബര്‍ 23-നു മോദി സിംഗപ്പൂരില്‍ ; സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും

0

സിംഗപ്പൂര്‍ : അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി സിംഗപ്പൂര്‍ -മലേഷ്യ തുടങ്ങിയ തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകുന്നു.വളരെ സുപ്രസിദ്ധമായ സിംഗപ്പൂര്‍ ലെക്ചര്‍ 2015-ല്‍ സംസാരിക്കുവാനായി മോദിയെയാണ് സിംഗപ്പൂര്‍ തിരഞ്ഞെടുത്തിരിക്കുന്നത് .കൂടാതെ കാലിഫോര്‍ണിയയില്‍ നടത്തിയതുപോലെ സിംഗപ്പൂരിലെ മുഴുവന്‍ ഇന്ത്യക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മഹാസമ്മേളനത്തിനും സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്‌ എന്നാണ് അറിയുന്നത് .ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒരു ചരിത്ര സംഭവമാക്കി മാറ്റുവാനുള്ള നീക്കത്തിലാണ് സിംഗപ്പൂര്‍ .

സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചു കൂടുതല്‍ വാണിജ്യ കാര്യങ്ങളില്‍ ചര്‍ച്ച നടത്തും .സിംഗപ്പൂര്‍ രാഷ്ട്രപിതാവായി അറിയപ്പെട്ടിരുന്ന ലീ ക്വാന്‍ യൂവിന്‍റെ മരണത്തോടനുബന്ധിച്ചു മോദി സിംഗപ്പൂരില്‍ എത്തിയെങ്കിലും കൂടുതല്‍ നയതന്ത്ര കാര്യങ്ങളില്‍ ചര്‍ച്ച നടന്നിരുന്നില്ല.ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുക്കുന്നത് സിംഗപ്പൂരിലെ പ്രവാസികള്‍ക്ക് ശുഭസൂചനയാണ് .

സന്ദര്‍ശനം സിംഗപ്പൂരും ഇന്ത്യയും വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത് .സാംസ്കാരികമായി ചൈന സിംഗപ്പൂരിനോട് അടുത്തുനില്‍ക്കുമ്പോഴും വാണിജ്യപരമായി ഇന്ത്യയോടു ബന്ധം പുലര്‍ത്താനാണ് സിംഗപ്പൂര്‍ കാലങ്ങളായി ശ്രമിച്ചു കൊണ്ടിരുന്നത് .അതിന്‍റെ പ്രധാന തെളിവാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്‍റ് നടത്തിയ രാജ്യമായി മൌറീഷ്യസിനെ പിന്തള്ളി സിംഗപ്പൂര്‍ ഒന്നാമതെത്തിയത് .

പുതിയ സര്‍ക്കാരിനോട് തുടക്കം മുതല്‍ സിംഗപ്പൂര്‍ സൗഹൃദം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു .കൂടാതെ ആന്ധ്രയിലെ സ്മാര്‍ട്ട്‌ സിറ്റി നിര്‍മ്മാണ ചുമതല സിംഗപ്പൂര്‍ ഏറ്റെടുത്തതോടെ ഈ ബന്ധം വളര്‍ന്നു .നവംബറിലെ സന്ദര്‍ശനത്തോടെ കൂടുതല്‍ തലങ്ങളിലേക്ക് ഇത് വ്യാപിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍ .അതുകൊണ്ട് തന്നെ ഈ സന്ദര്‍ശനത്തെ സമീപ രാജ്യങ്ങള്‍ സൂക്ഷ്മായി നിരീക്ഷിച്ചു വരികയാണ്‌ .തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ ഇന്ത്യയുടെ കടന്നു കയറ്റം ചൈന പോലുള്ള രാജ്യങ്ങള്‍ ശകതമായി പ്രതിരോധിക്കുമെന്നതില്‍ സംശയമില്ല..