ഇനി ലോക സിനിമകളുടെ വസന്തകാലം; രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് ഇന്ന് തി​രി തെ​ളി​യും

0

തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​നാ​ലാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് ഇന്ന് വൈകിട്ട് 6ന് നിശാഗന്ധിയിൽ തിരിതെളിയും. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 24-ാമത് എഡിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ആറുമുതല്‍ പതിമൂന്നു വരെ തിരുവനന്തപുരത്തെ പത്തോളം വേദികളില്‍ നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാമേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

സംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ മന്ത്രി കടകംപളളി സുരേന്ദ്രനാണ് മുഖ്യാതിഥി. നടി ശാരദ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. തുര്‍ക്കി ചിത്രമായ പാസ്ഡ് ബൈ സെന്‍സറാണ് ഉദ്ഘാടന ചിത്രം. ഉദ്ഘാടന ചടങ്ങിന് ശേഷം നിശാഗന്ധിയില്‍ തന്നെയാണ് സിനിമ പ്രദര്‍ശിപ്പിക്കുക. ടര്‍ക്കിഷ് സംവിധായകന്‍ സെര്‍ഹത്ത് കരാസ്ലാനാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജയില്‍ പുളളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ ജീവനക്കാരന്റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോര്‍ തിയ്യറ്ററിലാണ് പ്രവര്‍ത്തിക്കുന്നത്. അധിക തിയ്യേറ്ററുകളിലും രാവിലെ 10മണി മുതലാണ് പ്രദര്‍ശനം ആരംഭിക്കുക. 8998 സീറ്റുകളാണ് ഇത്തവണ മേളയ്ക്കായി സജ്ജമാക്കിയിട്ടുളളത്. 3500 സീറ്റുകള്‍ ഉളള ഓപ്പണ്‍ തിയ്യേറ്ററായ നിശാഗന്ധി തന്നെയാണ് എറ്റവും വലിയ പ്രദര്‍ശന വേദി. 10,500 ഡെലിഗേറ്റ് പാസുകളാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സുരക്ഷാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ വാങ്ങാം.

14 തിയ്യേറ്ററുകളിലായി 73 രാജ്യങ്ങളില്‍ നിന്നുളള 186 ചിത്രങ്ങളാണ് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുക. മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് ചിത്രമായ ഡോര്‍ലോക്ക് ഉള്‍പ്പെടെ പ്രധാന ചിത്രങ്ങളെല്ലാം നിശാഗന്ധിയിലാണ് പ്രദര്‍ശിപ്പിക്കുക. ബാര്‍ക്കോ ഇലക്ട്രോണിക്‌സിന്റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടാണ് നിശാഗന്ധിയില്‍ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. അര്‍ജിന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സോളാനസിന് സമഗ്ര സംഭാവനയ്ക്കുളള പുരസ്‌കാരം നല്‍കി ആദരിക്കും.

ചലച്ചിത്രലോകത്ത് ശ്രദ്ധേയ സാന്നിധ്യമായ 27 വനിതകളുടെ ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡിസംബര്‍ ആറ് മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള നടക്കുക. തിരുവനന്തപുരത്തെ 10ഓളം വേദികളിലായിട്ടാണ് മേള നടത്തുന്നത്. സംസ്ഥാന സംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നത്.