മൂന്ന് മാസത്തിനിടെ നാട്ടിലേക്ക് മടങ്ങിയത് 27,200 പ്രവാസികള്‍

1

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 27,200 പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയെന്ന് കണക്കുകള്‍. രാജ്യത്തെ സെന്‍ട്രല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്‍റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്തെ തൊഴില്‍ വിപണിയിലെ വിദേശികളുടെ എണ്ണം സംബന്ധിച്ചുള്ള വിശദീകരണമുള്ളത്.

കഴിഞ്ഞ ഡിസംബറിലെ കണക്കുകള്‍ പ്രകാരം കുവൈത്തില്‍ 14,79,545 പ്രവാസികളാണുണ്ടായിരുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇത് 14,52,344 ആയി കുറഞ്ഞു. പ്രവാസികളുടെ എണ്ണം കുറഞ്ഞെങ്കിലും രാജ്യത്തെ വിദേശികളുടെ കണക്കില്‍ ഒന്നാം സ്ഥാനത്തുള്ളത് ഈജിപ്‍തുകാര്‍ തന്നെയാണ് ഇപ്പോഴും.

കുവൈത്തിലെ പ്രവാസികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കാര്‍ക്കുള്ളത്. ബംഗ്ലാദേശ് പൗരന്മാരാണ് മൂന്നാം സ്ഥാനത്ത്. പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, സിറിയ, നേപ്പാള്‍, ജോര്‍ദാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍.