ഭീതി പരത്തി കൊറോണ: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിൽ; ചൈനയില്‍ മരണം 80

0

തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍. ഇവരിലേറേയും ചൈനയില്‍ നിന്നു വന്നവരാണ്. ഇതില്‍ സംശയം ഉള്ളവരുടെ സാംപിളുകള്‍ പൂണെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് നിരീക്ഷണമേര്‍പ്പെടുത്തിയതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം,​ ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ നീക്കം.

കൊറോണ വെെറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെ പ്രവിശ്യയില്‍ 24 മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ ചൈനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു. പുതിയതായി 769 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതിയും ഹൂബെയില്‍ നിന്നാണ്.

ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകമെമ്പാടും പടര്‍ന്നുപിടിച്ചത്. വൈറസ് അതിവേഗം പടരുകയാണെന്നും രാജ്യം അതീവഗുരുതര സാഹചര്യമാണ് നേരിടുന്നതെന്നും പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു. യു.എസിലും തായ്‍വാനിലും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. കൊറോണ പടരുന്ന സാഹചര്യത്തിൽ ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോംഗ്, ബെയ്ജിംഗ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളിള്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിനെ തുടർന്ന് എല്ലാ വന്യമൃഗങ്ങളേയും വില്പന നടത്തുന്നതിന് ചൈന വിലക്കേർപ്പെടുത്തി. വന്യമൃഗങ്ങളിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടർന്നാണിത്. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈറസ് പടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.