ക്രിസ്തുമസ് ആഘോഷത്തിമിര്‍പ്പിന് തുടക്കം കുറിച്ചുകൊണ്ട് സിംഗപ്പൂരില്‍ മലയാളി കരോള്‍ സംഘം

0
വുഡ് ലാന്‍ഡ്‌സ് :ഒരുപക്ഷെ മലയാളി ക്രിസ്തുമസ് കരോള്‍ സംഘത്തെ കണ്ടപ്പോള്‍ സിംഗപ്പൂര്‍ ജനത ആദ്യം കരുതിയത്‌ ഇതു ഡിസംബര്‍ മാസമാണ് എന്നാണ് .നാട്ടില്‍ ഡിസംബര്‍ വെക്കേഷന് സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ നല്ലൊരു  വിഭാഗം വിശ്വാസികളും  നാട്ടിലേക്കു പോകുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് എല്ലാ വര്‍ഷവും നവംബര്‍ ആദ്യം മുതല്‍ മിയയുടെ നേതൃത്വത്തില്‍ കരോള്‍ തുടങ്ങുന്നത് . രക്ഷകന്‍റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് പാരമ്പര്യ തനിമയില്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള 2013-ലെ ക്രിസ്മസ് കരോളിനു സിംഗപ്പൂര്‍ യാക്കോബായ ഇടവകയില്‍ ഇതോടെ  തുടക്കമായി .ഇടവകയില്‍ പ്രവര്ത്തികക്കുന്ന മോര്‍ ഇഗ്നാത്തിയോസ്‌ യൂത്ത്‌ അസോസിയേഷന്‍റെ നേതൃത്വത്തില്‍ കരോള്‍ സംഘം സിംഗപ്പൂരിന്‍റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു വരുന്നു . എസ്. എം. എസ്സിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈ മാറി, സ്വന്തം കൂടുകളിലേക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍.
 
നവംബര്‍ 9-നു ഇടവക വികാരി ഫാ.റോബിന്‍ ബേബിയുടെ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആദ്യ ദിവസം കരോള്‍ സംഘം ഇടവകയിലെ വുഡ് ലാണ്ട്സ്‌ സോണിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു .കുട്ടികളും മുതിര്‍ന്നവരുമടങ്ങിയ ഗായക സംഘത്തെ അനുഗമിച്ചു കൊണ്ടുള്ള വാദ്യ ഉപകരണങ്ങളുടെ മേള വിസ്മയങ്ങളും ഇടവക ജനങ്ങള്‍ ആഘോഷമാക്കി മാറ്റി .ചുമലിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി സന്താക്ലോസും സംഘത്തെ അനുഗമിക്കുന്നുണ്ട്.ഇരുപത്തഞ്ചോളം വരുന്ന സംഘം ശനി ,ഞായര്‍ ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ നടത്തുന്ന വീട് സന്ദര്‍ശനത്തില്‍ സിംഗപ്പൂരിലുള്ള നാനാദേശക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സന്തോഷത്തോടെ സഹകരിച്ചു വരുന്നു. ഇടവക ആരംഭിച്ച ശേഷമുള്ള ആറാം വര്‍ഷത്തെ  കരോള്‍ ആണ് ഈ വര്ഷം നടത്തപ്പെടുന്നത് .
 
ലോക ചരിത്രത്തെ തന്നെ തന്‍റെ ജീവിത കാല ഘട്ടം കൊണ്ട് വിഭജിച്ച ക്രിസ്തുവിന്റെ ജന്മദിനം ആണ് ക്രിസ്തുമസ്.പരസ്പര മാത്സര്യവും പകയും മറന്നു സ്നേഹത്തില്‍ അധിഷ്ടിതമായ ഒരു ലോകം  കേട്ടിപ്പടുക്കാന്‍,വംശീയതയ്ക്കും ജാതി മത ചിന്തകള്‍ക്കും സംകുചിത ചിന്താഗതികള്‍ക്കും അതീതമായി മാനവികതയില്‍ ഊന്നിയ ഒരു  സമൂഹത്തെ സൃഷ്ടിക്കാനുള്ള ആഹ്വാനമായിരിക്കട്ടെ ഈ ക്രിസ്തുമസ് ദിനങ്ങള്‍ .
 
തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ ഇടവകയുടെ മറ്റു ഭാഗത്തേക്കും കരോള്‍ സന്ദര്‍ശനം ഉണ്ടായിരിക്കുമെന്ന് വികാരി അറിയിച്ചു .കരോള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍ :006581891415