ടര്‍ക്കിയില്‍ നരേന്ദ്രമോദിയുടെ ചിത്രമുള്ള തപാല്‍ സ്റ്റാമ്പ്

0

നവംബര്‍ 15, 16 തീയ്യതികളില്‍ ടര്‍ക്കിയില്‍  വെച്ച് നടന്ന പത്താമത് 'G-20 സമ്മിറ്റി'ന്‍റെ  സ്മരണാര്‍ത്ഥം സമ്മേളനത്തിന്‍റെ സമാപന ചടങ്ങില്‍ ടര്‍ക്കിഷ് പ്രസിഡന്‍റ് റിസെപ്  തയ്യിപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള തപാല്‍ സ്റ്റാമ്പ്  പുറത്തിറക്കി.  'പ്രൈം മിനിസ്റ്റര്‍ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്ത്യ' എന്ന് എഴുതി ചേര്‍ത്ത സ്റ്റാമ്പില്‍ ഇന്ത്യന്‍ പതാകയുടെ ചിഹ്നവും ഉണ്ട്.

അന്‍റാലിയയില്‍  വച്ചായിരുന്നു ഉന്നതതല സമ്മേളനം. മോദിയെ കൂടാതെ യു. എസ് പ്രസിഡന്‍റ് ഒബാമ, റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കേല്‍, യു. കെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്, ഇന്തോനേഷ്യന്‍  പ്രസിഡന്‍റ്  ജോകോ തുടങ്ങി പത്തൊന്‍പത് രാഷ്ട്രത്തലവന്മാരുടെ പേരില്‍ 33 സ്റ്റാമ്പുകളാണ് സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളോടുള്ള ആദര സൂചകമായി പുറത്തിറക്കിയത്. 2.80 ടര്‍ക്കിഷ് ലിറയാണ് ഓരോ സ്റ്റാമ്പിന്‍റെയും വില.

പാരീസ് ആക്രമണ പ്രശ്നങ്ങള്‍ കാരണം ഫ്രഞ്ച് പ്രസിഡന്റിന്  പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്‍റെ പേരിലും സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ അടക്കം ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, സൗത്ത് കൊറിയ, ജപ്പാന്‍, ചൈന, യു എസ്, യു കെ, ബ്രസീല്‍, മെക്സികൊ, ടര്‍ക്കി, അര്‍ജന്റീന, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ഇന്തോനേഷ്യ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ 19 രാജ്യങ്ങളാണ് ഗ്രൂപ്പ് ഓഫ് ട്വന്‍റിയില്‍ ഉള്ളത്.