നന്തൻകോട് ഒരു കുടുംബത്തിലെ മൂന്നുപേർ വീട്ടില്‍ മരിച്ച നിലയില്‍

0

തിരുവനന്തപുരം: നന്തൻകോട് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍ (45), ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരെയാണ് ഞായറാഴ്ച രാത്രി വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. അയൽക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

വീടിന്റെ തിണ്ണയിൽ ബോധരഹിതനായി കിടന്ന മനോജിനെ അയൽക്കാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിയിക്കാൻ അവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

നന്ദന്‍കോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ചാലയിൽ കട നടത്തുകയായിരുന്ന മനോജ് ലോക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ വച്ചുണ്ടായ അപകടത്തിൽ മനോജിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിന്റെ ഇൻഷുറൻസ് തുക കിട്ടുന്നതിൽ കാലതാമസമുണ്ടായതുൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.