പഞ്ചരത്നങ്ങളിൽ മൂന്നു പേർക്ക് ഇന്ന് ഗുരുവായൂരിൽവെച്ച് മംഗല്യം

0

ഗുരുവായൂര്‍: വാർത്തകളിൽ നിറഞ്ഞ’പഞ്ചരത്‌ന’ങ്ങളില്‍ മൂന്നുപേര്‍ കണ്ണനുമുന്നില്‍ വിവാഹിതരായി. പോത്തൻകോട് നന്നാട്ടുകാവിൽ ‘പഞ്ചരത്നം’ വീട്ടിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മൂന്നു പെൺമക്കളുടെ വിവാഹമാണ് ഇന്ന് കണ്ണനുമുന്നില്‍ വിവാഹിതരായത്. രാവിലെ 7.45-നും 8.30-നും മധ്യേ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്.

ഇവരുടെ സഹോദരി ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ കല്യാണം പിന്നീടാണ് നടക്കുക. നാലുപേരുടെയും പൊന്നാങ്ങള ഉത്രജന്‍ ചടങ്ങുകൾ നടത്തി. ഒറ്റപ്രസവത്തില്‍ ജനിച്ചവരാണ് ഈ അഞ്ചു മക്കളും.

1995 നവംബറിലാണ് പഞ്ചരത്‌നങ്ങളുടെ അപൂർവ പിറവി. ഒറ്റ പ്രസവത്തിൽ അഞ്ച് കുട്ടികൾ ഉണ്ടായത് അന്ന് ഏറെ കൗതുകത്തോടെയാണ് കേരളം ഉറ്റുനോക്കിയത്. ഉത്രം നാളിൽ ജനിച്ചത് കൊണ്ട് തന്നെ ഉത്ര, ഉത്തര, ഉത്രജ, ഉത്രജൻ, ഉത്തമ എന്നിങ്ങനെയാണ് മക്കൾക്ക് നൽകിയിരിക്കുന്ന പേരുകൾ.

ഒരു മകൾ ഉത്രജയുടെ വരൻ ആകാശിന് കുവൈറ്റിൽ നിന്നും നാട്ടിൽ എത്താൻ കഴിയാത്തതിനാലാണ് ആ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നത്. കൊച്ചി അമൃത മെഡിക്കൽ കോളജിൽ അനസ്‌തേഷ്യാ ടെക്നിഷ്യയാണ് ഉത്രജ. പത്തനംതിട്ട സ്വദേശിയായ ആകാശും അനസ്‌തേഷ്യാ ടെക്നിഷ്യനാണ്. കഴിഞ്ഞ ഏപ്രിൽ അവസാനം നടത്താനിരുന്ന വിവാഹം ലോക് ഡൗണിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

അഞ്ചു മക്കള്‍ക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തി. സ്വര്‍ണത്തള കാണിക്കയായി നല്‍കി. ”കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണന്‍ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളര്‍ത്താനുള്ള കരുത്ത് തന്നതും കണ്ണന്‍ തന്നെ…” ക്ഷേത്രസന്നിധിയില്‍ പഞ്ചരത്നങ്ങളെ ചേര്‍ത്തുപിടിച്ച് അമ്മ പറഞ്ഞു.