മലയാളത്തിന്‍റെ പ്രിയ കവി ഡി. വിനയചന്ദ്രന്‍ അന്തരിച്ചു

0
File Photo:  ഡി. വിനയചന്ദ്രന്‍,  പ്രവാസി എക്സ്പ്രസ് പ്രകാശന ചടങ്ങില്

തിരുവന്തപുരം: പ്രശസ്ത കവി വിനയചന്ദ്രന്‍ അന്തരിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ തിരുവന്തപുരത്തുള്ള എസ്‌.കെ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.  രണ്ടു ദിവസം മുന്‍പ്‌ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. 67 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൊല്ലം പടിഞ്ഞാറെ കല്ലട പെരുവേലിക്കരയിലുള്ള കുടുംബ വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ്, വി.ജെ.ടി ഹാള്‍, കൊല്ലം പബ്ലിക്‌ ലൈബ്രററിയിലും പൊതുദര്‍ശനത്തിന് വയ്ക്കും.

കവിതകളിലൂടെയും, നാടന്‍ പാട്ടുകളിലൂടെയുമെല്ലാംസാംസ്കാരിക കേരളത്തോട് സംവദിച്ച വിനയചന്ദ്രന്‍ ഒരു സാഹിത്യകാരന്‍ എന്നതിനപ്പുറം മലയാളികളുടെ വിവിധ പ്രശ്നങ്ങളില്‍ സദാ ഇടപെടുന്നയാളായിരുന്നു. എണ്‍പതുകളില്‍ കേരളത്തിലെ കാമ്പസുകളെ സജീവമാക്കുന്നതില്‍ ഇദ്ദേഹത്തിന്‍റെ കവിതകള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തി. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വിനയചന്ദ്രന് വലിയ ശിഷ്യഗണം തന്നെയുണ്ട്.

1946 മെയ്‌ 16ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിലാണ് ഡി. വിനയചന്ദ്രന്‍റെ ജനനം. ഭൗതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടു. ജോലിയില്‍നിന്നു വിരമിച്ചതിനുശേഷം മുഴുവന്‍ സമയ സാഹിത്യ പ്രവര്‍ത്തനത്തില്‍ മുഴുകി. അവിവാഹിതനായിരുന്നു.

നരകം ഒരു പ്രേമ കവിത എഴുതുന്നു, ഡി വിനയചന്ദ്രന്‍റെ കവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേക്കുള്ള വഴി, സമയമാനസം, സമസ്ത കേരളം പി.ഒ, പൊടിച്ചി, ഉപരിക്കുന്ന്‍ (നോവല്‍), പേരറിയാത്ത മരങ്ങള്‍(കഥകള്‍), വംശഗാഥ (ഖണ്ഡ കാവ്യം), കണ്ണന്‍, ആഫിക്കന്‍ നാടോടി കഥകള്‍, ദിഗംബര കവിതകള്‍(പരിഭാഷ), സെര്‍ഗെ എസെനിന്‍ കവിതകള്‍ (റഷ്യന്‍ കവിതകളുടെ പരിഭാഷ), തുടങ്ങിയവയാണ് പ്രധാന കൃതികള്‍. യുനിവേഴ്സിറ്റി കോളേജ്‌ കവിതകള്‍, കര്‍പ്പൂരമഴ (പി.യുടെ കവിതകള്‍), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ എന്നീ കൃതികള്‍ എഡിറ്റ്‌ ചെയ്തിട്ടുണ്ട്.

നരകം ഒരു പ്രേമ കവിത എഴുതുന്നു എന്ന കവിതാ സമാഹാരത്തിന്‌ 1992ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2006 ലെ ആശാന്‍ കവിതാ പുരസ്കാരം, ചങ്ങമ്പുഴ, കേരളവര്‍മ്മ സ്മാരക പുരസ്കാരം, യെസീനിന്‍ പുരസ്കാരം, തുടങ്ങി ഒട്ടനേകം അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.  പ്രവാസി എക്സ്പ്രസ് സിംഗപ്പൂര്‍ എഡീഷന്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കാനും മലയാളത്തിന്‍റെ ഈ പ്രിയ കവി എത്തിയിരുന്നു.