എലികളെ തുരത്താന്‍ ‘സ്റ്റാര്‍ പെസ്റ്റ് കണ്‍ട്രോള്‍’ സംഘം രംഗത്ത്

0


സിംഗപ്പൂര്‍: ബുകിറ്റ് ബടോക്, എം ആര്‍ ടി സ്റ്റേഷന് അരികിലെ കുന്നിന്‍ ചെരുവിനു മുകളില്‍ കൂട് കൂട്ടിയ നൂറു കണക്കിന് എലികളെ തുരത്താന്‍ സിംഗപൂരിലെ ‘സ്റ്റാര്‍ പെസ്റ്റ് കണ്‍ട്രോള്‍’ കമ്പനി സംഘം കഠിന പ്രയത്നത്തില്‍.

ഇന്നലെ കാലത്താണ് എലികളുടെ കോളനി നശിപ്പിക്കാന്‍ ഇരുപത്തി രണ്ടു പേര്‍ അടങ്ങിയ സംഘം എത്തിയത്. രാത്രി ഒന്പതു മണി ആയപ്പോഴേക്കും ഇരുപതോളം എലികളെ പിടിച്ചു. ജുറോങ് ടൌണ്‍ കൌണ്‍സിലാണ് ഉപദ്രവകാരികളായ എലിക്കൂട്ടങ്ങളെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ കമ്പനിയെ ഏര്‍പ്പെടുത്തിയത്. സമീപ സ്ഥലങ്ങളിലുള്ളവരുടെ ആരോഗ്യത്തിന് ഭീഷണിയായി കൊണ്ടാണ് പ്ലേഗ് പോലുള്ള പകര്‍ച്ച വ്യാധികള്‍ ഉണ്ടാക്കുന്ന എലികൂട്ടങ്ങള്‍ ഇവിടെ സ്ഥാനം കൈക്കലാക്കിയിരിക്കുന്നത്.  മൂഷിക കൂട്ടങ്ങളെ തുരത്താനായ് കയറു മാര്‍ഗ്ഗമാണ് സംഘം കുന്നിന്‍ മുകളിലേക്ക് കയറിയത്.

"മുഴുവന്‍ പ്രക്രിയകളും തീരാന്‍ മൂന്നു മുതല്‍ അഞ്ചു ദിവസത്തോളം എടുക്കും. ഇന്നലെ കാലത്ത് മുതല്‍ എലികളെ നിരീക്ഷിക്കാന്‍ തുടങ്ങിയ സംഘം ഒരു ഫുട്ബോള്‍ ഫീല്‍ഡിന്‍റെ അര ഭാഗത്തോളം വിസ്താരത്തില്‍ നിറയെ എലികളുടെ മാളങ്ങള്‍ കണ്ടു പിടിച്ചു. മാളങ്ങള്‍ക്കരികിലൊക്കെയും   എലിവിഷം വെച്ചിരിക്കുകയാണ് , പരക്കം പാച്ചില്‍ തുടങ്ങിയ എലികളെ പിടിക്കുക എന്നത് അതി ദുഷ്ക്കരമായിരുന്നു". ‘സ്റ്റാര്‍ പെസ്റ്റ് കണ്‍ട്രോള്‍’ ജനറല്‍ മാനേജര്‍ മിസ്റ്റര്‍ ബര്‍ണാഡ ചാന്‍ പറഞ്ഞു.

മാലിന്യങ്ങള്‍ അടിഞ്ഞു കൂടാതെ പരിസര പ്രദേശങ്ങള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ എലികളും മറ്റു കീടങ്ങളും പരിസരം കൈയടക്കുമെന്നതിനൊരു മുന്നറിയിപ്പാണ് ഇത്.