കണ്ടു പഠിക്കാന്‍ ഒരു പാഠം ;സിംഗപ്പൂരില്‍നിന്ന് വിദ്യാര്‍ഥികള്‍ കാഞ്ഞിരപ്പള്ളിയില്‍

0

മുണ്ടക്കയം:പഠനക്യാമ്പിന്റെ ഭാഗമായി സിങ്കപ്പൂരില്‍നിന്ന് 82 വിദ്യാര്‍ഥികള്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ ആശ്രമങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എത്തി. കാഞ്ഞിരപ്പള്ളി പുളിമാവിലുള്ള നല്ല സമറായന്‍ ആശ്രമത്തില്‍ കെട്ടിട നിര്‍മാണം, മഴവെള്ള സംഭരണി, കുട്ടികള്‍ക്കായുള്ള പാര്‍ക്കിംഗ് എന്നിവയുടെ നിര്‍മാണവും വണ്ടന്‍പതാല്‍ ബേത്ലഹേം ആശ്രമത്തില്‍ പെയിന്റിംഗ് ജോലികളും പൂന്തോട്ടം നിര്‍മാണവുമാണ് നടത്തുന്നത്. ജര്‍മ്മന്‍ സ്കൂളിലെ അധ്യാപകരായ അലക്സാണ്ടര്‍ മാര്‍ക്ക്, സീവാള്‍ഡ്, സൂസന്ന മുള്ളര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ 80 വിദ്യാര്‍ഥികള്‍ അടങ്ങുന്ന ടീമാണ് വര്‍ക്ക്ക്യാമ്പില്‍ പങ്കെടുക്കുന്നത്.
 
രണ്ടു സ്ഥലങ്ങളിലായി 40 പേര്‍ വീതമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. രാവിലെ 8.30ന് ജോലിക്കിറങ്ങുന്ന ഇവര്‍ 12ന് ഉച്ചഭക്ഷണത്തിനായി എത്തും. ഭക്ഷണത്തിനു ശേഷം അരമണിക്കൂര്‍ വിശ്രമം. 3.30 വരെ പണിതതിനുശേഷം പഠനത്തിനായി അല്പനേരം മാറ്റിവയ്ക്കും. കടുത്തചൂടിനെ അവഗണിച്ചാണ് ഇവരുടെ സേവനം. 50 മീറ്റര്‍ അകലെനിന്നും തലച്ചുമടായിട്ട് വിദ്യാര്‍ഥികള്‍ മണ്ണു കൊണ്ടുവരുന്നത് കാണുമ്പോള്‍ നാട്ടുകാര്‍ക്കും അത്ഭുതം തോന്നും. പഠനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ ഇതുപോലെയുള്ള ക്യാമ്പുകള്‍ ജര്‍മ്മന്‍-സിംഗപ്പൂര്‍ സ്കൂളിന്റെ നേതൃത്വത്തില്‍ നടത്താറുണ്ട്. ക്യാമ്പിനോടനുബന്ധിച്ച് വിനോദയാത്രയും കേരളസംസ്കാരം മനസിലാക്കുവാനുള്ള വിവിധ പരിപാടികളും ക്രമീകരിച്ചുണ്ട്.
 
ഫാ. ഏബ്രാഹം പറമ്പില്‍, വി കെയര്‍ ഡയറക്ടര്‍ ഫാ. റോയി വടക്കേല്‍, ഫാ. തോമസ് പടിഞ്ഞാറേപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ഒമ്പതിനു തുടങ്ങിയ ക്യാമ്പ് 22 ന് സമാപിക്കും.
 
വിവിധ രാജ്യങ്ങളില്‍ നിന്നായി സിംഗപ്പൂരില്‍ ജോലി ചെയ്യുന്നവരുടെ മക്കളാണ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിക്കുന്നത്. 54 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും എത്തിരിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള സേവനങ്ങള്‍ സിംഗപ്പൂരിലെ വിദ്യാര്‍ഥികള്‍ ചെയ്യുന്നുണ്ട്.