ബാലിയില്‍ അവധിക്കാലം ചെലവിട്ട ശേഷം ഞാന്‍ മടക്കയാത്രയ്ക്കൊരുങ്ങുമ്പോഴാണ് ആ വാര്‍ത്തയറിഞ്ഞത് – പ്രിയപ്പെട്ട മാര്‍കേസ് മരിച്ചു.
അന്യദേശക്കാരനായ ഒരു സാഹിത്യകാരന്‍റെ മരണമായി തോന്നിയതേയില്ല. മറിച്ച്, നാട്ടിലെ സ്നേഹസമ്പന്നനായ ഒരു തറവാട്ടു കാരണവര്‍ പെട്ടെന്ന് വിടപറഞ്ഞതു പോലെ… കാരണം, മലയാളിയുടെ മാര്‍കേസ് ജീവിച്ചത് കൊച്ചിയിലും, കോഴിക്കോട്ടും, തിരുവനന്തപുരത്തും , പിന്നെ നമ്മുടെ ഗ്രാമങ്ങളിലുമായിരുന്നു. മലയാളിയെ മാജിക്കല്‍ റിയലിസം പഠിപ്പിച്ച മാര്‍കേസ് ഒടുവില്‍ മരണമെന്ന മാന്ത്രികനു കീഴടങ്ങി!
ഇതിനോടകം മെസേജിലും, ഫെയ്സ് ബുക്കിലും മാര്‍കേസ് നിറഞ്ഞിരുന്നു. വിവരമറിഞ്ഞോ എന്ന് പലരും അന്വേഷിച്ചു. എപ്പോഴും ആസ്വദി ക്കാറുള്ള വിമാനയാത്ര എനിക്കു വീര്‍പ്പുമുട്ടലിന്റെ അനുഭവമായി മാറി.
കലാലയ ജീവിതകാലത്ത്, അന്ന് പ്രശസ്തരായിരുന്ന പല നിരൂപകന്മാരും (ബോധപൂര്‍വം?) അവഗണിച്ച മാര്‍കേസിനെ ഞാന്‍ പരിചയപ്പെട്ടത് കൊല്ലം കറണ്ട് ബുക്സിലും പബ്ലിക് ലൈബ്രറിയിലും വച്ചായിരുന്നു. പിന്നീട് കോളെജിലെ സാഹിത്യ ക്ലാസ്സുകളില്‍ മാര്‍കേസും, കോളറക്കാലത്തെ പ്രണയവും നിറഞ്ഞപ്പോള്‍ പരിചയം പ്രണയമായി! ഞായറാഴ്ചകളില്‍ കണ്ടുമുട്ടാറുള്ള പ്രിയ സ്നേഹിതന്‍ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ’ തനിക്കിഷ്ടമാണെ ന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ പരസ്പരം പ്രണയമറിയിക്കുകയായിരുന്നു. പിന്നീട് മാര്‍കേസിനെപ്പറ്റി ഞങ്ങള്‍ സംസാരിക്കാത്ത ഒരുദിവസവും ഇല്ലെന്നായി.
ആഴ്ചപ്പതിപ്പുകള്‍ അവസാനത്തെ പേജില്‍ നിന്ന് വായിച്ചു തുടങ്ങുന്ന ശീലം ഞങ്ങള്‍ക്ക് സമ്മാനിച്ചത് ‘സാഹിത്യ വാരഫല’ മെഴുതിയിരുന്ന എം. കൃഷ്ണന്‍ നായര്‍ സാറാണ്. അദ്ദേഹം മാര്‍കേസിനെ പ്രശംസ കൊണ്ടു മൂടിയപ്പോള്‍ ഞങ്ങളുടെ വായനയുടെ ആഴവും പരപ്പും കൂടി. അങ്ങനെ മാര്‍കേസ് ഞങ്ങളുടെ പ്രിയപ്പെട്ട ‘ഗാബോ’ ആയി മാറി.
മാര്‍ക്വിസ് എന്നും മാര്‍ക്വേസ് എന്നുമൊക്കെ പറഞ്ഞിരുന്ന ഞങ്ങളെ, മാര്‍കേസ് (മാര്‍കേത് എന്ന് സ്പാനിഷില്‍) എന്നാണ് ശരിയായ ഉച്ചാരണം എന്നു പഠിപ്പിച്ചതും കൃഷ്ണന്‍ നായര്‍ സാറാണ്.അദ്ദേഹം ഇങ്ങനെയെഴുതി. “കലയുടെ ഉജ്ജ്വല ത കൊണ്ട് നമ്മുടെ കണ്ണഞ്ചി ച്ച നോവലാണ് One Hundred Years Of Solitude. ഇത് ഫൌസ്റ്റ് പോലെ, യൂലിസിസ് പോലെ, മോഡേണ്‍ ക്ലാ സ്സിക്കാണ്. പാരായണ വേളയിലും, അതു കഴിഞ്ഞുള്ള വേളയിലും ഒരു തരത്തിലുള്ള സ്തംഭനം (stupefaction) നമുക്കുണ്ടാ ക്കുന്നു, മാര്‍കേസിന്റെ ഈ നോവല്‍.”
“ഓരോ വാക്കിലും സൗന്ദര്യം ഘനീഭവിച്ചു കിടക്കുന്നു. സങ്കീര്‍ണ്ണത ഒരിടത്തുമില്ല.”
ഫിദല്‍ കാസ്ട്രോ യുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന മാര്‍കേസ് ‘A Personal Portrait of Fidel’ എന്ന ദീര്‍ഘ പ്രബന്ധം രചിക്കുകയുണ്ടായി. വാക്കുകള്‍ കൊണ്ടു പ്രഭാഷണത്തില്‍ ജാലവിദ്യ കാട്ടിയിരുന്ന കാസ്ട്രോ യുടെ മനോഹരമായ ചിത്രം അദ്ദേഹം വരച്ചു കാണിച്ചു. ശബ്ദത്തിലും വാക്കിലും മാന്ത്രികത്വം നിറഞ്ഞ അപൂര്‍വ സൗഹൃദം!
കമിതാക്കള്‍ പറയുന്ന സ്വകാര്യം കാറ്റ് മറ്റിടങ്ങളില്‍ കൊണ്ടെത്തി ക്കുമെന്ന് അദ്ദേഹമൊരിക്കലെഴുതി. ഇന്ന് നമ്മോടോപ്പമില്ലാത്ത മാര്‍കേസിന്റെ നിശ്വാസം വിദൂരതയില്‍ നിന്നൊരിളംകാറ്റ് പോലെ നമ്മുടെയടുത്തെത്തുന്നുവോ? അതോ, അദ്ദേഹം നമ്മെ പഠിപ്പിച്ച “മാന്ത്രിക യാഥാര്‍ത്ഥ്യം’ മാത്രമാണോ അതു?
ദുഃഖ വെള്ളിയാഴ്ചയാണ് മാര്‍കേസ് വിട പറഞ്ഞത്- അദ്ദേഹത്തിന്‍റെ ഒരു കഥാപാത്രത്തെപ്പോലെ. താന്‍ തന്നെ സൃഷ്ടിച്ച , സ്വര്‍ഗ്ഗത്തിലേക്കുയരുന്ന കുതിരയെപ്പോലെ അദ്ദേഹവും സ്വര്‍ഗ്ഗ യാത്ര ചെയ്തുകാണും.
ഈസ്റ്റര്‍ ദിനത്തിലെ മഹത്തായ ഉയിര്‍ത്തെഴുന്നേല്‍പ്പു പോലെ (അതും, ഒരര്‍ത്ഥത്തില്‍ മാജിക്കല്‍ റിയലിസം തന്നെയായിരുന്നില്ലേ?) മാര്‍കേസും തിരികെ വരുമെന്ന് ചിലരെങ്കിലും കരുതി. ഈസ്റ്റര്‍ കടന്നു പോയി..
കഴിഞ്ഞയാഴ്ച ഞാന്‍ തിരുവനന്തപുരത്തു പുസ്തകോത്സവത്തിനു പോയിരുന്നു. മാര്‍കേസിന്റെ കൃതികളെല്ലാം ആദ്യ ദിവസം തന്നെ വിറ്റു തീര്‍ന്നെന്ന് ഡി.സി ബുക്സിലെ എന്‍റെ പഴയ സുഹൃത്ത് പറഞ്ഞപ്പോള്‍ അറിയാതെ മനസ്സു മന്ത്രിച്ചു: പ്രിയപ്പെട്ട മാര്‍കേസ്, മലയാളി ഇപ്പോഴും അങ്ങയെ സ്നേഹിക്കുന്നു; ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് എന്ന കൊളംബിയക്കാരനായ മലയാളിയെ!
അവലംബം:മനോരഥങ്ങളിലെ യാത്രക്കാര്‍, സാഹിത്യ വാരഫലം-പ്രൊഫ. കൃഷ്ണന്‍നായര്‍