പെൺവാണിഭം ആരോപിച്ച യുവാവിനെ കുത്തിക്കൊന്നു; യുവതികളടക്കം കസ്റ്റഡിയിൽ

0

തിരുവനന്തപുരം: കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 2 യുവതികൾ അടക്കം 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയശാല മൈലാ‌ടിക്കടവ് പാലത്തിനു സമീപം ടിസി 23/280 തുണ്ടിൽ വീട്ടിൽ വൈശാഖ് (34) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണു സംഭവം നടന്നതെന്നു പൊലീസ് . പെൺവാണിഭം നടക്കുന്നതായി ആരോപിച്ചു അപ്പാർട്മെന്റിൽ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികൾ സംഘം ചേർന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേൽപിച്ച ശേഷം ബാൽക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.

ഇന്നലെ പുലർച്ചെ ഇവിടെയെത്തിയ അപ്പാർട്മെന്റിന്റെ മാനേജരാണു മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ശരീരത്തിൽ എഴുപതോളം മുറിവുകൾ കണ്ടെത്തി. സംഭവ സമയം 2 യുവതികളും 4 പുരുഷന്മാരും അപ്പാർട്മെന്റിൽ ഉണ്ടായിരുന്നു.

ഒരു മാസം മുൻപാണ് ഇവർ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കരമന പൊലീസ് അറിയിച്ചു.