കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത 4% വർധിപ്പിച്ചു

0

കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സൌജന്യ ഭക്ഷ്യധാന്യ പദ്ധതി മൂന്ന് മാസത്തെയ്ക്ക് കൂടി ദീർഘിപ്പിയ്ക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ധാരണയായ്.

വിവിധ സംസ്ഥാനങ്ങൾ നിർദ്ധേശിച്ച സാഹചര്യത്തിലാണ് സൗജന്യ ഭക്ഷ്യധാന്യവിതരണ പദ്ധതി ദീർഘിപ്പിയ്ക്കുന്നത്. പ്രധാനമന്ത്രി കല്യാൺ യോജന അടുത്ത 3 മാസം കൂടി തുടരുമെന്ന് മന്ത്രിസഭാ യോഗ തിരുമാനങ്ങൾ വിശദികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.

നാല് ശതമാനം വർധനവോടുകൂടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനം ആകും. പണപ്പെരുപ്പം കണക്കിലെടുത്താണ് ക്ഷാമബത്ത കൂട്ടാനുള്ള തീരുമാനം. ജീവനക്കാർക്കും പെൻഷൻകാർക്കും ഇത് ബാധകമാണ്.

50 ലക്ഷത്തോളം ജീവനക്കാർക്കും 65 ലക്ഷത്തോളം പെൻഷൻക്കാർക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും. നിലവിൽ കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും 34 ശതമാനമായിരുന്നു ക്ഷാമബത്ത. ഇതാണ് നാല് ശതമാനം വർധിപ്പിച്ചത്. നേരത്തെ മാർച്ച് മാസത്തിൽ ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചിരുന്നു. 2022 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അന്ന് ഡിഎ വർധിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തിൽ നിന്ന് 31 ശതമാനമാക്കിയത്. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ് ഈ വർദ്ധനവ്.