ആറുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; 40കാരനായ പ്രതിയെ വെടിവെച്ച് വീഴ്ത്തി പൊലീസ്

0

ന്യൂഡൽഹി∙ ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ ഡൽഹിയിൽ നാൽപ്പതുകാരൻ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് സംഭവം. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ഇയാളുടെ സുഹൃത്ത് ഒളിവിലാണ്.

ജഹാംഗിർപുരിയിൽ താമസിക്കുന്ന ചിനു എന്നു വിളിപ്പേരുള്ള കമൽ മൽഹോത്രയാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് രാജു എന്ന രാജ് ഒളിവിലാണ്.

തന്റെ മക്കളായ മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചതായി കുട്ടികളുടെ മാതാവാണ് പരാതിപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ കണ്ടില്ല. അയൽപ്പക്കത്തുനിന്ന് കരച്ചിൽ കേട്ട് ഓടിചെന്നപ്പോൾ ചിനുവും രാജുവും പെൺകുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി.

കുട്ടികളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സമയ്പുർ ബദ്‌ലി മെട്രോ സ്റ്റേഷനു സമീപമുള്ള പാർക്കിൽ ശനിയാഴ്ച ചിനുവിനെ കണ്ടെത്തി. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതു കൂട്ടാക്കാതെ ഇയാൾ തോക്കെടുത്തു വെടിയുതിർത്തു. തിരിച്ചു വെടിവച്ച പൊലീസ് ഇയാളെ കാലിൽ വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (ഔട്ടർ നോർത്ത്) ബ്രിജേന്ദ്ര കുമാർ യാദവ് പറഞ്ഞു.

പ്രാദേശികമായി നിർമിച്ച തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ചിനു ഇപ്പോൾ തൊഴിൽരഹിതനാണെന്നും കുറ്റകൃത്യം ചെയ്തപ്പോൾ ഇരുവരും മദ്യപിച്ചിരുന്നെന്നും ഡിസിപി വ്യക്തമാക്കി.