വിവേകത്തിന്റെ ഉറവുകള്‍

0
മജീദിയുടെ കഥാപാത്രങ്ങള്‍ വാല്‍സല്യത്തിന്റെയും വിവേകത്തിന്റെയും ഉറവുകളാണ്. ‘ഫാദറി’ല്‍ തന്റെ പുതിയ ഭര്‍ത്താവിനോട് കേവല അഹംബോധത്താല്‍ തര്‍ക്കിക്കുന്ന മകനെ വിധവയായ ഉമ്മ നേരിടുന്നത് ഓര്‍ക്കുക.
‘വില്ലോ ട്രീ’യിലെ പ്രൊഫസറുടെ ഉമ്മയെ നോക്കുക. മകന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ, ബാഹ്യാര്‍ത്ഥത്തിനപ്പുറത്തേക്ക് തിരിച്ചറിയുന്ന ഉള്‍ക്കണ്ണ് അവരിലുമുണ്ട്. അന്ധതയെ ഒരു രൂപകം എന്ന അര്‍ത്ഥത്തില്‍ മാജിദി ഏറ്റവും സാര്‍ത്ഥകമായി ഉപയോഗിച്ചത് ‘വില്ലോ ട്രീയിലാണ്’ റൂമി കവിതകള്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍ പാരീസിലെ ശസ്ത്രക്രിയക്കുശേഷം കാഴ്ച കിട്ടി നാട്ടിലത്തുെന്ന ആ ഒരൊറ്റ രംഗം അയാളുടെ നിരാശയെ, ആശയക്കുഴപ്പങ്ങളെ, ധര്‍മ സങ്കടങ്ങളെ, വാചാലമായി പ്രതിഫലിപ്പിക്കുന്നു. ഇല്ലാതിരുന്ന കാഴ്ച ഒരു നാള്‍ കൈവരുന്നതിനേക്കാളും നിരാശപ്പെടുത്തുന്ന എന്തനുഭവമാണ് ലോകത്തുള്ളത്? അതുവരെയുണ്ടായിരുന്ന നിറങ്ങള്‍, കാഴ്ചകള്‍, സൌന്ദര്യങ്ങള്‍ വെളിച്ചത്തിന്റെ വരവോടെ എത്ര ചെറുതായിപ്പോവുന്നു .
വെറുതെയാവില്ലല്ലോ സൂഫികള്‍ അവരുടെ സ്നേഹ പാരമ്യങ്ങളില്‍ അന്ധതക്കുവേണ്ടി പ്രാര്‍ത്ഥിച്ചത്. ദൈവത്തെ കാണാനാവാത്ത കണ്ണെന്തിനാണെന്ന്, പരമസൌന്ദര്യത്തെ നോക്കുന്നതില്‍നിന്ന് തടയുന്ന ശുഷ്കസൌന്ദര്യങ്ങളെന്തിനെന്ന് പശ്ചാത്താപത്തിന്റെ അനാഥത്വത്തില്‍ നമ്മുടെ പ്രൊഫസറും തിരിച്ചറിയുന്നുണ്ട്. അതിനുംമുമ്പ് എന്തെന്ത് സൌന്ദര്യങ്ങളാണ് അയാളെ നിരന്തരം പ്രലോഭിപ്പിക്കുന്നത്!
അയാള്‍ കാണുന്നതു മുഴുവന്‍ ലോകത്തിന്റെ കുടിലതകളും വഞ്ചനകളും പതിയെപ്പതിയെ മടുപ്പുതോന്നുന്ന കേവല ലാവണ്യങ്ങളും മാത്രം. റൂമിയെ പഠിപ്പിക്കുന്നവനായിട്ടു കൂടി അയാള്‍ അവയിലൊക്കെ അഭിരമിക്കുന്നു. കാലുതെറ്റിവീണ് മലിനനാകുന്നു. ദൈവവുമായി അനന്തകാലം തൊട്ടേ നടത്തിവന്നിരുന്ന അയാളുടെ ആത്മ സംഭാഷണങ്ങള്‍ അതോടെ അസ്തമിക്കുന്നു. ഭാര്യയും മകളും മാതാവും അകലാന്‍ മാത്രം അയാള്‍ കളങ്കിതനാവുന്നു. എയര്‍പോര്‍ട്ടില്‍ തന്നെ സ്വീകരിക്കുന്നതിനായി തറയിലേക്കു വന്നു വീഴുന്ന അനേകം പൂക്കള്‍ക്കിടയിലൂടെ കാഴ്ച കിട്ടിയ പ്രൊഫസര്‍ തിരിച്ചത്തുന്ന വേളയില്‍ അയാളുടെ സഹപ്രവര്‍ത്തകയും ശിഷ്യരും ഗ്ളാസിനിപ്പുറംകൂടി ആഹ്ളാദപൂര്‍വം എതിരേല്‍ക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ടവരായ ഇവരോരുത്തരും ആരൊക്കെയാണെന്ന് തിരിച്ചറിയാനാവാതെ, വിഡ്ഢിയെപ്പോലെ നിസ്സാരനായി നില്‍ക്കുന്ന പ്രൊഫസര്‍ കാഴ്ച കൊണ്ടു കണ്ണുതള്ളിപ്പോയ നമ്മെത്തന്നെ ഓര്‍മ്മപ്പെടുത്തുന്നില്ലേ.
അയാളുടെ കണ്ണുകള്‍ സുന്ദരികളായ സ്ത്രീകളുടെ ചിരികളില്‍ തങ്ങിനിന്നുപോവുന്നത് ശ്രദ്ധിച്ചുവോ. ഭാര്യയെ, ഉമ്മയെ, മകളെ, അയാള്‍ കണ്ടെത്തിയെടുക്കാന്‍ ശ്രമിക്കുന്നു. അവിടെ സങ്കടം നിറഞ്ഞ മുഖവുമായാണ് അയാളുടെ ഉമ്മ നില്‍ക്കുന്നത് എന്നത് ഏറെ അര്‍ത്ഥവത്താണ്. ആ ചിരിക്കൂട്ടത്തിനിടയില്‍ ഏതൊരാളും മറ്റെങ്ങിനെയാണ് സ്വന്തം ഗര്‍ഭപാത്രത്തെ തിരിച്ചറിയുക?

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.