ഭൂമിയുടെ വസന്തം നിശബ്ദതയുടെ കവിതകള്‍ എഴുതുകയാണ്

0

പൂക്കളും കായും തരാത്ത പോലെ പ്രാണസങ്കടത്താല്‍ കടുത്ത്, വാക്കുകളെല്ലാം കൈയ്യൊഴിഞ്ഞു നില്‍ക്കുന്നു, ഉള്ളില്‍ കണ്ണീരിന്റെ ഒരു നിബിഡ വനം.

പ്രീയപെട്ട ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ അയാളെക്കുറിച്ച് രണ്ടു വരി എഴുതേണ്ടി വരുമ്പോള്‍ മനസ്സിലാകും വാക്കുകള്‍ എത്ര ശുഷ്കമാണെന്ന്.ക്ലിഷേ എന്ന് മാത്രം പറയാവുന്ന കുറച്ചു വാക്കുകളുടെ അതിവൈകാരികതയ്ക്ക് മാത്രമേ അപ്പോള്‍ നമ്മോടു സത്യസന്ധരായിരിക്കാന്‍ പറ്റൂ എന്നും.
ജീവനില്‍ അക്ഷരങ്ങളുടെ വേരുകള്‍ പടര്‍ന്നു തുടങ്ങിയ കാലത്ത് പലര്‍ക്കും ഒപ്പം ഉള്ളിലേയ്ക്ക് വന്ന, ഒരാള്‍, മാധവിക്കുട്ടി. ആദ്യമായി ആ പേര് ഹൃദയത്തില്‍ വീണത് കറങ്ങുന്ന ഫാനിന്റെ ഇതളുകളില്‍ തട്ടി തെറിച്ച കുരുവിയുടെ മരണമായിട്ടായിരുന്നു. പതിനാറാമത്തെ വയസ്സില്‍ ‘എന്റെ കഥ’ വായിക്കുമ്പോള്‍
വാക്കുകള്‍ക്കിടയില്‍ എന്റെ വായന കൈവിട്ട തീഷ്ണമായ നിശ്വാസങ്ങളെ, എന്‍റെ തന്നെ നെഞ്ചിടിപ്പുകളെ ആ പുസ്തകത്തില്‍ നിന്ന് എനിക്ക് മടക്കി
കിട്ടുന്നത് പിന്നെയും അഞ്ചാറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വായനയിലാണ്.
അന്ന് എന്റെ ആത്മാവില്‍ അതേ ഗന്ധമുള്ള മറ്റൊരു ഹൃദയം പെയ്യുന്നത് ഞാനറിഞ്ഞു.ഇന്നോളം എത്ര അടുത്തിരുന്നിട്ടും ഒരു പ്രണയത്തിലും ചങ്ങാത്തത്തിലും വാല്‍സല്യത്തിലുംഎനിക്ക് അറിയാന്‍ കഴിയാഞ്ഞ ഗന്ധമായിരുന്നു അത്.ആദ്യമായി കാണുമ്പോള്‍ അമ്മേയെന്നു വിളിച്ചെങ്കിലും അമ്മയാണെന്ന് എനിക്ക് തോന്നിയേ ഇല്ല, ഭൂമിയിലെ ഏറ്റവും സുന്ദരിയായ പ്രണയിനിയെ നോക്കി നോക്കി നില്‍ക്കെ ഇവളുടെ പ്രണയം അറിയാന്‍ മാത്രം ഒരു ആണായിരുന്നെങ്കില്‍ എന്നാണു എനിക്കന്നു തോന്നിയത്. (അവരുടെ പ്രണയം താങ്ങാന്‍ കെല്‍പ്പുള്ള ഒരു പുരുഷനെങ്കിലും ഉണ്ടായോ? അറിയില്ല.)