രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതല്‍

0
രാത്രി ഷിഫ്റ്റുകളില്‍ ഉറക്കമിളച്ചിരുന്ന് ജോലി ചെയ്യുന്നവര്‍ ലോകത്തെമ്പാടുമുണ്ട്. ഇത്തരക്കാരെ കൂടുതല്‍ ആശങ്കയിലേക്ക് തളളിവിടുന്നൊരു റിപ്പോര്‍ട്ട് പുറത്തുവന്നു. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കു മറ്റുള്ളവരേക്കാള്‍ 41ശതമാനം ഹൃദ്രോഗ, പക്ഷാഘാത സാധ്യത കൂടുമെന്ന് റിപ്പോര്‍ട്ട്. ഭക്ഷണ, ഉറക്ക ശീലങ്ങളിലെ വ്യതിയാനമാണ് ഇതിന് കാരണം. രാത്രി ഷിഫ്റ്റുകളില്‍ ജങ്ക് ഫുഡും ഉറക്കക്കുറവും ശീലമാകുന്നതായാണു കണ്ടു വരുന്നത്. പുറമെ വ്യായാമക്കുറവും തൊഴില്‍ സംബന്ധമായ ആകുലതകളും മറ്റും രോഗസാധ്യതയ്ക്കു വലിയ പങ്കു വഹിക്കുന്നു.
 
ഷിഫ്റ്റ് ജോലിക്കാരില്‍ 25 ശതമാനത്തിന് രോഗ സാധ്യത ഏറുമ്പോള്‍ രാത്രി ഷിഫ്റ്റുകാരില്‍ ഇതു 41 ശതമാനം വരെയാകുന്നു. ബ്രിട്ടിഷ് ജേണലില്‍ പ്രസിദ്ധീകരിച്ച ആരോഗ്യ സംഘടന സ്പാര്‍ക് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 2,011,935 പേരെ ഉള്‍പ്പെടുത്തി നടത്തിയ 34 പഠനങ്ങളുടെ റിപ്പോര്‍ട്ടാണിത്.
 
രാത്രി, പ്രത്യേക സമയക്രമമില്ലാതെയുള്ളവ, സംയോജിത ഷെഡ്യൂളുകളിലുള്ളവ, മാറിവരുന്നവ എന്നിങ്ങനെ വ്യത്യസ്ത ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളെയാണു പഠനവിധേയരാക്കിയത്.