എമര്‍ജിംഗ് കേരളയില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിനു താല്പര്യം

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എമര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാനും വിഴഞ്ഞം തുറമുഖം, കൊച്ചി മെട്രോ എന്നിവയടക്കം വാണിജ്യ, സാങ്കേതിക മേഖലകളിലെ വന്‍കിട പദ്ധതികളില്‍ പങ്കാളിയാകാനും സിംഗപ്പൂര്‍ താല്പര്യം പ്രകടിപ്പിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സിംഗപ്പൂര്‍ കോണ്‍സല്‍ ജനറല്‍ അജിത് സിംഗ് നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായി.
 
അടിസ്ഥാനസൗകര്യം, ജലസംബന്ധിയായ സാങ്കേതികവിദ്യകള്‍, മാലിന്യസംസ്കരണം, വാണിജ്യം, ചരക്കു-യാത്രാ നീക്കം, വിജ്ഞാനം എന്നീ മേഖലകളിലെ പങ്കാളിത്തമാണ് ഉദ്ദേശിച്ചിട്ടുള്ളത്.ദക്ഷിണപൂര്‍വേഷ്യയിലെ വന്‍കിട ശക്തിയായ സിംഗപ്പൂര്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള രണ്ടാമത്തെ രാജ്യമാണ്.കേരളത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നിക്ഷേപസൗഹൃദ നയങ്ങളും സാമുഹിക വികസനവുമാണ് സിംഗപ്പൂരിനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.
 
സംസ്ഥാനസര്‍ക്കാര്‍ വികസനത്തിനായി നിശ്ചയിച്ചിട്ടുള്ള മേഖലകളില്‍ ശക്തമായ സാന്നിധ്യമുള്ളതുകൊണ്ട് സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളെ സ്വാഗതം ചെയ്യാന്‍ സന്തോഷമേയുള്ളുവെന്ന് കോണ്‍സല്‍ ജനറലുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിംഗപ്പൂരിന്റെ വരവ് എമര്‍ജിംഗ് കേരളയുടെ  പ്രചരണപരിപാടികള്‍ക്കു തുടക്കമിട്ടശേഷമുള്ള നല്ല ലക്ഷണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.കൊച്ചിയില്‍ സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന എമര്‍ജിംഗ് കേരള നിക്ഷേപക സംഗമം സംസ്ഥാനത്തിന്റെ ചടുലവും സുസ്ഥിരവുമായ വികസനം ലക്ഷ്യമാക്കി കേരളത്തെനിക്ഷേപകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ആസൂത്രണം ചെയ്തിട്ടുള്ളതാണ്.
 
സ്ഥാനപതിമാരെയും വ്യാപാരമിഷനുകളുടെ മേധാവികളെയും കോര്‍പറേറ്റ് നേതാക്കളെയും ബിസിനസ് പ്രമുഖരെയും പങ്കെടുപ്പിച്ച് ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും നടത്തിയ ചര്‍ച്ചകളിലാണ് എമര്‍ജിംഗ് കേരളയുടെ പ്രചരണപരിപാടികള്‍ക്ക് തുടക്കമായത്.സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ കാരന്‍ ടാന്‍ മുഖ്യമന്ത്രിയുമായും  കെ.എസ്.ഐ.ഡി.സി. തുടങ്ങിയ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ•ാരുമായി നേരത്തേ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നായിരുന്നു കോണ്‍സല്‍ ജനറലിന്റെ സന്ദര്‍ശനം. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ റെയില്‍ തുടങ്ങിയ വന്‍കിട അടിസ്ഥാന സൗകര്യപദ്ധതികളിലാണ് സിംഗപ്പൂര്‍ ഏറെ താല്പര്യം പ്രകടിപ്പിച്ചത്. അഡീഷനല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരന്‍, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ അല്‍കേഷ് ശര്‍മ്മ എന്നിവരും കോണ്‍സല്‍ ജനറലുമായി നടത്തിയ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. “കൊച്ചി ഇന്റര്‍നാഷനല്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിലെ ചരക്കുനീക്കമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിംഗപ്പൂര്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് സോമസുന്ദരന്‍ പറഞ്ഞു.
ഷിപ്പിംഗ് മേഖലയിലെ ശക്തിയായ സിംഗപ്പൂരുമായി സഹകരിച്ചാല്‍ കേരളത്തിന് ഏറെ മെച്ചങ്ങളുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കുടിവെള്ളം മുടക്കമില്ലാതെ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പാഴ്ജല സംസ്കരണത്തിലും ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നതിലും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ സാങ്കേതിക വിദ്യകള്‍ കേരളവുമായി പങ്കുവയ്ക്കുന്നതിന്  സിംഗപ്പൂരിനു സന്തോഷമാണുള്ളത്.
 
ദ്വീപുരാഷ്ട്രമായ സിംഗപ്പൂര്‍ മാലിന്യനിര്‍മ്മാര്‍ജനത്തിലൂടെയും കടല്‍നികത്തലിലൂടെയും സ്വന്തം കരഭൂമി വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ അവലംബിച്ചിട്ടുണ്ട്. കേരളം ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള മാലിന്യസംസ്കരണത്തില്‍ സംയുക്ത സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഈ രാജ്യം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസമേഖലയിലും സഹകരിക്കാന്‍ കഴിയുമെന്ന് സിംഗപ്പൂര്‍ അറിയിച്ചിട്ടുണ്ട്. സിംഗപ്പൂരിലെ രാജ്യാന്തരനിലവാരമുള്ള സര്‍വകലാശാലകളും സംസ്ഥാനത്തെ ഏതെങ്കിലുമൊരു സര്‍വകലാശാലയുമായി പാഠ്യപദ്ധതിയിലും സര്‍ട്ടിഫിക്കേഷനിലും സഹകരിക്കാനുള്ള സാധ്യതകളുണ്ട്. ഔഷധമേഖലയിലും ബയോടെക്‌നോളജിയിലും ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കുന്നതിലും സിംഗപ്പൂരിനു സഹകരിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
 
നിര്‍ദ്ദിഷ്ട ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ആ രാജ്യം വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അല്‍കേഷ് ശര്‍മ്മ പറഞ്ഞു. ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു ഗവണ്മെന്റ് ചര്‍ച്ചകള്‍ ആസൂത്രണം ചെയ്തിട്ടുള്ള എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തില്‍ സിംഗപ്പൂരിന്റെ വ്യാപാര പ്രതിനിധിസംഘത്തെയും സര്‍ക്കാരിന്റെ പ്രതിനിധികളടങ്ങുന്ന സംഘത്തെയും പങ്കെടുപ്പിക്കാന്‍ ആലോചനയുണ്ട്. കെ.എസ്.ഐ.ഡി.സി. നോഡല്‍ ഏജന്‍സിയും സി.ഐ.ഐ., നാസ്‌കോം എന്നിവ പങ്കാളികളുമായാണ് സംഗമം സംഘടിപ്പിക്കുന്നത്.