സോണിയാ ഗാന്ധി ലോകത്തെ ശക്തയായ ആറാമത്തെ വനിത: ഫോബ്സ് പട്ടികയില്‍ ഇടംപിടിച്ചത് അഞ്ച് ഇന്ത്യന്‍ വനിതകള്‍

0

 

ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന്‍ തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും ശക്തയായ വനിതകളില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആറാം സ്ഥാനം. ഫോബ്സ് പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിലാണ് സോണിയാ ഗാന്ധിയ്ക്ക് ആറാംസ്ഥാനം നല്‍കിയിരിക്കുന്നത്.
 
ജര്‍മ്മന്‍ ചാന്‍സ്ളര്‍ ആഞ്ജലാ മെര്‍ക്കല്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. യൂറോപ്പിലെ അയണ്‍ ലേഡിയെന്ന വിശേഷണമാണ് മെര്‍ക്കലിന് ഇപ്പോഴുള്ളതെന്നും മാഗസിന്‍ വിലയിരുത്തുന്നു. യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ സാമ്പത്തികമാന്ദ്യം പിടിച്ചുകുലുക്കിയപ്പോഴും മെര്‍ക്കലിന്റെ മികവ് ജര്‍മ്മനിയെ കരുത്തരാക്കിയെന്നും മാഗസിന്‍ പറയുന്നു.
 
കഴിഞ്ഞ വര്‍ഷം ഫോബ്സ് പുറത്തിറക്കിയ പട്ടികയില്‍ സോണിയ ഏഴാമതായിരുന്നു. യുപിഎ സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് സോണിയ തന്നെയാണെന്നും വിലയിരുത്തിയ ഫോബ്സ് മാഗസിന്‍ സോണിയയുടെ ജനസമ്മിതിക്ക് കാര്യമായ കോട്ടം തട്ടിയിട്ടില്ലെന്നും വിലയിരുത്തി. നെഹ്രു-ഗാന്ധി രാഷ്ട്രീയപാരമ്പര്യത്തെ പിന്തുടുരുന്ന സോണിയ അമേരിക്കയില്‍ കാന്‍സര്‍ ചികിത്സ തേടിയ ശേഷവും അധികാര കേന്ദ്രമായി തുടരുകയായിരുന്നുവെന്ന് ഫോബ്സ് വിലയിരുത്തുന്നു. രോഗമുക്തിനേടി  തിരിച്ചെത്തിയ സോണിയ തന്റെ സ്വാധീന ശക്തി തിരിച്ചുപിടിച്ചെന്നും മാഗസിന്‍ വിലയിരുത്തുന്നു. പാര്‍ട്ടിക്കും മുന്നണിക്കുമെതിരായ ആക്രമണങ്ങളെ തന്ത്രപരമായി ചെറുക്കുന്നതിലും സോണിയ വിജയിച്ചതായാണ് മാഗസിന്റെ വിലയിരുത്തല്‍.
 
സോണിയയുള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ വനിതകള്‍ പുതിയ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പെപ്സി കോ സി.ഇ.ഒ ഇന്ദ്ര നൂയി പന്ത്രണ്ടാം സ്ഥാനത്തും സിസ്കോ സിസ്റംസ് ചീഫ് ടെക്നോളജി ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ പദ്മശ്രീ വാര്യര്‍ അമ്പത്തെട്ടാം സ്ഥാനത്തും ഐ.സി.സി.ഐ ബാങ്ക് സി.ഇ.ഒ ചന്ദാ കൊച്ചാര്‍ അമ്പത്തൊന്‍പതാം സ്ഥാനത്തും ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ എണ്‍പതാം സ്ഥാനത്തുമുണ്ട്.