ജുറോംഗിലെ പൂക്കളം സിംഗപ്പൂര്‍ ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌സില്‍

0

സിംഗപ്പൂര്‍: ഏകദേശം മൂന്നു മാസത്തോളം നീണ്ടു നിന്ന സിംഗപ്പൂര്‍ ഓണാഘോഷ പരിപാടികളുടെ സമാപന ഘട്ടത്തില്‍ നടന്ന വള്ളം കളിയോട് അനുബന്ധിച്ച് ജുറോംഗില്‍ തയ്യാറാക്കിയ അത്തപ്പൂക്കളം സിംഗപ്പൂര്‍ ബുക്ക്‌ ഓഫ് റെക്കോര്‍ഡ്സിലേക്ക്. 1000 സ്ക്വയര്‍ ഫീറ്റ് വ്യാസത്തില്‍ 5 ഇനത്തില്‍ പെട്ട ഒരു ടണ്ണില്‍ കൂടുതല്‍ പൂക്കള്‍ കൊണ്ട് നൂറോളം സ്ത്രീകളുടെ രണ്ടു മണിക്കൂര്‍ നീണ്ട അധ്വാനത്തിന്‍റെ ഫലമാണ് ഈ ഭീമന്‍ പൂക്കളം. ഇതില്‍ മലയാളി വനിതകള്‍ക്ക് പുറമേ ചൈനീസ്‌ സ്ത്രീകളും പങ്കുചേര്‍ന്നു എന്നത് സിംഗപ്പൂര്‍ മലയാളികളോടുള്ള മറ്റ് വംശജരുടെ സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും ഉത്തമോദാഹരണമായി മാറി.

പുരുഷന്മാരുടെയും സ്ത്രീകളുടേതുമായി 29 ടീമുകള്‍ പങ്കെടുത്ത വള്ളംകളി മത്സരം കാണികള്‍ക്ക്‌ ആവേശം പകരുന്നതായിരുന്നു. പുരുഷന്മാരുടെ വിഭാഗത്തില്‍ ബുക്കിത്‌ ബാത്തോക്-3 ജേതാക്കളായി. നൈറ്റ്‌ റോവേഴ്സ്‌, അറ്റ് ലാന്‍റ്ക് ചുണ്ടന്‍ എന്നീ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വനിതകളുടെ വിഭാഗത്തില്‍ ഉണ്ണിയാര്‍ച്ച ചുണ്ടന്‍ ജേതാകളും കടത്തനാട് മാക്കം രണ്ടും കിളിസ് ചുണ്ടന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.

നാടും വീടും വിട്ട പ്രവാസി മലയാളികള്‍ക്ക്‌ ഗൃഹാതുരതയുടെ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന വേറിട്ട അനുഭൂതിയായിരുന്നു ഇത്തവണയും സിംഗപ്പൂര്‍ ഓണം കമ്പോംഗ് @  ജുറോംഗ്.

ജുറോംഗ്  ജി.ആര്‍.സി. എം.പി Mr.Ang Wei Neng,  ജുറോംഗ്  ഗ്രീന്‍ സി.സി., ചെയര്‍മാന്‍ Mr Yap Thian Ling,  എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

വള്ളംകളിക്ക് പുറമേ നാടന്‍ പാട്ട്, ഉറിയടി, തിരുവാതിര, സ്ത്രീകളുടെയും പുരുഷന്മാരുടെയും ചെണ്ടമേളം  തുടങ്ങി വിവിധ കാലാപരിപാടികള്‍ പരിപാടിക്ക് മാറ്റേകി.

വനിതകളുടെ വിഭാഗത്തില്‍ ജേതാക്കളായ ഉണ്ണിയാര്‍ച്ച ചുണ്ടന്‍ വിജയാഹ്ലാദത്തില്‍

(വിശദമായ വാര്‍ത്തകളും ചിത്രങ്ങളും ‘പ്രവാസി എക്സ്പ്രസ്’ പ്രിന്‍റ് എഡിഷനില്‍.)