മാര്‍ക്‌ ആന്‍റണി മീഡിയ പ്രൊഡക്ഷന്‍സ് ഉത്ഘാടനം ഡിസ. 12ന്

0

സിംഗപ്പൂര്‍: ഇന്ത്യയിലും സിംഗപ്പൂരിലും പ്രസിദ്ധമായ എസ്ജി  ഗ്രൂപ്പ് ഓഫ് കമ്പനീസ്,  മീഡിയ പ്രൊഡക്ഷന്‍,  ഇവന്‍റ്  മാനേജ്‌മെന്റ്‌  രംഗങ്ങളിലേക്ക്.  മാര്‍ക്‌ ആന്‍റണി മീഡിയ പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് എസ്ജി  ഗ്രൂപ്പിന്‍റെ ഈ പുതിയ സംരംഭം.  ഡിസംബര്‍ 12 നാണ് സിംഗപ്പൂര്‍ ആസ്ഥാനമായ മാര്‍ക്‌ ആന്‍റണി മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ഔദ്യോഗിക ഉത്ഘാടനം.

സിനിമാ നിര്‍മ്മാണത്തിന് പുറമേ, പരസ്യ ചിത്രങ്ങള്‍, കോര്‍പ്പറേറ്റ് ഇവന്‍റ്സ് തുടങ്ങിയവയും ലക്ഷ്യമിടുന്ന മാര്‍ക് ആന്‍റണി മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ഡബ്ബിംഗ്/ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ നിര്‍മ്മാണം സിംഗപ്പൂരില്‍ പുരോഗമിച്ചു വരുന്നു.   

ഗിന്നിസ് പക്രു ആദ്യമായ്‌ സംവിധായകന്‍റെ മേലങ്കിയണിയുന്ന “കുട്ടീം കോലും” എന്ന മലയാള ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ് മാര്‍ക്‌ ആന്‍റണി മീഡിയ പ്രൊഡക്ഷന്‍സ്. ഈ ചിത്രത്തിന്‍റെ തമിഴ്‌ പതിപ്പിന്‍റെയും നിര്‍മ്മാണച്ചുമതല മാര്‍ക്‌ ആന്‍റണി മീഡിയ പ്രൊഡക്ഷന്‍സിനാണ്.

മലയാളത്തില്‍ ഹിറ്റായ “ബിഗ്‌ ഫാദര്‍” -ന്‍റെ തമിഴ്‌ പതിപ്പിന്‍റെ റൈറ്റ്‌സ്‌  മാര്‍ക്‌ ആന്‍റണി  മീഡിയാ പ്രൊഡക്ഷന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ ചിത്രത്തിന്‍റെ ചിത്രീകരണം സിംഗപ്പൂരില്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്.

മാര്‍ക്‌ ആന്‍റണി  മീഡിയാ പ്രൊഡക്ഷന്‍സിന്‍റെ മെഗാ ചിത്രമായ,  കാവ്യാമാധവനും, സൂപ്പര്‍താരം മോഹന്‍ലാലും നായികാ നായകന്മാരായി വരുന്ന “സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌” എന്ന മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.  ഈ ചിത്രം നൂറ് ശതമാനം സിംഗപ്പൂരില്‍ ചിത്രീകരിക്കുന്നതാണ്.

മാര്‍ക്‌ ആന്‍റണി പ്രൊഡക്ഷന്‍സ് നിരവധി ഇവന്‍റുകളും കള്‍ച്ചറല്‍ പ്രോഗ്രാമുകളും തങ്ങളുടെ 2013-ലെ പരിപാടികളില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. വാലന്‍റൈന്‍സ് നൈറ്റ്‌,  ബ്യൂട്ടി പെജന്‍റ്,  ഓണം ഫിയസ്റ്റ 2013, സിംഗപ്പൂര്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ എന്നിവയാണ് പ്രധാനപ്പെട്ടവ.

2013 ആഗസ്റ്റില്‍ ക്രമീകരിക്കുന്ന ഓണം ഫിയസ്റ്റ മോളിവുഡിലെ പ്രശസ്ത താരങ്ങളെ അണിനിരത്തുന്ന വ്യത്യസ്തവും സിംഗപ്പൂര്‍ മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നയന മനോഹരവും ശ്രവണസുന്ദരവുമായ  നവാനുഭൂതി പകരുന്നതുമായിരിക്കും. 4 മണിക്കൂര്‍ നീളുന്ന ഈ പരിപാടി ഏകദേശം ഒരു വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ കൊണ്ട് മികവുറ്റതാക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം തുടങ്ങി കഴിഞ്ഞു. തികച്ചും പോക്കറ്റ്‌-ഫ്രാണ്ട്-ലി ആയ ഓണം ഫിയസ്റ്റയ്ക്ക് ഏകദേശം രണ്ടായിരത്തോളം പ്രേക്ഷകരെയാണ് മാര്‍ക്ക്‌ ആന്‍റണി മീഡിയ പ്രോഡക്ഷന്‍സ്‌ പ്രതീക്ഷിക്കുന്നത്.
കൂടാതെ, ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള  വരുമാനത്തിന്‍റെ ഒരു നല്ല ഭാഗം കഷടതയനുഭവിക്കുന്ന, സഹായം ആവശ്യമുള്ള മലയാളികള്‍ക്ക് ഓണം ഫിയസ്റ്റയില്‍ വെച്ച് തന്നെ വിതരണം ചെയ്യുന്നതായിരിക്കുമെന്ന് മാര്‍ക്‌ ആന്‍റണി പ്രൊഡക്ഷന്‍സ് ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ ആന്‍റണി ഫ്രാന്‍സിസ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
 
കേരളത്തില്‍ നിന്നു സ്പൈസസ് ഉത്പാദനത്തിലും കയറ്റുമതിയിലും പ്രശസ്തമായ സെന്‍റ് ജോര്‍ജ്ജ് സ്പൈസസ് (എസ്ജി  ഗ്രൂപ്പ്), ഉത്പന്നങ്ങള്‍ “ഡെയ്സി ഗ്രീന്‍” എന്ന ബ്രാന്‍ഡിലാണ് അറിയപ്പെടുന്നത്.

മലയാളം, തമിഴ്‌ സിനിമകള്‍ക്ക്‌ പുറമേ സിംഗപ്പൂരില്‍ മലയ്, ചൈനീസ്‌ ഭാഷകളിലെ സിനിമകളും നിര്‍മ്മിക്കുവാന്‍  മാര്‍ക് ആന്‍റണി  പ്രോഡക്ഷന്‍സ്‌ ലക്ഷ്യമിടുന്നു. മുന്‍പും നിരവധി തമിഴ്‌, മലയാളം, ഹിന്ദി സിനിമകള്‍ നിര്‍മ്മിക്കുകയും , മെഗാ സ്റ്റാര്‍നൈറ്റ്‌, ഫുഡ് ഫെസ്റ്റിവല്‍ പോലുള്ള ഇവന്‍റുകളും  ചെയ്തിട്ടുള്ള “ഡെയ്സി ഗ്രീന്‍” കഴിഞ്ഞ കാലങ്ങളില്‍ സ്വയക്തക്കിയ പ്രവര്‍ത്തന പരിചയവും ജനപങ്കാളിത്തവും  മുഴുനീള മീഡിയ പ്രൊഡക്ഷനില്‍ തിളങ്ങുന്നതിന് പൂര്‍ണ്ണ പിന്തുണയാവുമെന്നു തന്നെ പ്രതീക്ഷിക്കാം.