മഹാകവിയുടെ സ്മരണകളുണര്‍ത്തി സിംഗപ്പൂരില്‍ മലയാള കവിതാ ദിനം

0
സിംഗപ്പൂരിലെ മലയാള ദിനാഘോഷങ്ങള്‍ പ്രശസ്ത കവി എം കെ ഭാസി  ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു. കവയിത്രി ശാന്ത ഭാസ്കര്‍, കവി ഡി.സുധീരന്‍ എന്നിവര്‍ സമീപം.

സിംഗപ്പൂര്‍:  മഹാകവി കുമാരനാശാന്റെയും 'വീണപൂവിന്റെയും' സ്മരണകളുണര്‍ത്തി, സിംഗപ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന  ദ്വൈവാര പത്രമായ പ്രവാസി എക്സ്പ്രെസ്സിന്റെ മുഖ്യാഭിമുഖ്യത്തില്‍ , സിംഗപ്പൂര്‍ മലയാളി അസോസിയേഷന്റെയും, എംഎല്‍ഇഎസ്-ന്‍റെയും 'ഇതളുകള്‍' മാഗസിന്റെയും പിന്തുണയോടെ സിംഗപ്പൂരില്‍  മലയാള കവിതാ ദിനം ആഘോഷിച്ചു. ഒട്ടേറെ എഴുത്തുകാരും സാഹിത്യ ആസ്വാദകരും ഉള്‍ക്കൊള്ളുന്ന സിംഗപ്പൂരിലെ മലയാളി സമൂഹത്തിനു "കേരള ബന്ധു" ഹാളില്‍ വെച്ച് നടന്ന ഈ സാഹിത്യ സദസ്സ് നവ്യാനുഭവമായി. മലയാള ഭാഷയില്‍ നിന്നും സാഹിത്യത്തില്‍ നിന്നും അകന്നു പോകുന്ന യുവതലമുറയെ തിരിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി കവിതയെ ഗൌരവപൂര്‍വം സമീപിക്കുന്ന വായനക്കാര്‍ ചേര്‍ന്ന് രൂപം നല്‍കിയ കാവ്യകേളി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് മലയാള കവിതാ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്. മലയാള കവിതയില്‍ യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ച വീണപൂവ്‌ പ്രകാശനം ചെയ്യപ്പെട്ട ദിവസം എന്ന നിലയിലാണ് ഡിസംബര്‍ 16 ( ധനു 1) കവിതാ ദിനമായി തിരഞ്ഞെടുത്തത്‌.

റേസ്‌ കോഴ്സ്‌ റോഡിലുള്ള സിംഗപ്പൂര്‍ മലയാളി ആസോസിയെഷന്‍റെ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ്  ശ്രീ. എം കെ ഭാസി  ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു ഒരു കാലഘട്ടത്തില്‍ മലയാള കവിതയില്‍ സ്ത്രീക്ക് മാംസ നിബദ്ധമല്ലാത്ത ഒരു മാനം നല്‍കിയ കവിയാണ് മഹാകവി കുമാരനാശാന്‍ എന്നും പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യത്തെ പുസ്തകങ്ങളാണ് ദുരവസ്ഥയും ചണഡാല ഭിക്ഷുകിയും എന്നും മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികളില്‍ ഒന്നായ വീണപൂവിന്‍റെ പ്രകാശനദിവസം തന്നെ മലയാള കവിതാദിനമായി ആചരിക്കാന്‍ തെരഞ്ഞെടുത്തത്തിന്റെ അദ്ദേഹം മുക്തകണ്ഠം  ശ്ലാഘിച്ചു.

കുമാരനാശാന്‍റെ കവിതകളുടെ ആംഗലേയ തര്‍ജ്ജമ നിര്‍വഹിച്ച ശ്രീമതി.ശാന്ത ഭാസ്കറിനെയും കേരള പ്രവാസി കോണ്ഗ്രസ്സിന്‍റെ അവാര്‍ഡ്‌ നേടിയ പ്രവാസി എക്സ്പ്രസ്സ്‌ അംഗം ശ്രീ. മെട്രിസ് ഫിലിപ്പിനെയും ചടങ്ങില്‍ വച്ച് ആദരിച്ചു. പ്രവാസി എക്സ്പ്രെസ്സിന്‍റെ പ്രസാധക സംരംഭമായ പ്രവാസി പബ്ളികേഷന്സിന്‍റെ പ്രഥമ പുസ്തകമായ വെണ്മണി ബിമല്‍ രാജിന്‍റെ കവിതാ സമാഹാരമായ 'ദേവ മേഘങ്ങളുടെ' പ്രീ ലോഞ്ച് കോപ്പി  ചടങ്ങില്‍ വെച്ച് പ്രവാസി എക്സ്പ്രസ്സ്‌ മുഖ്യ പത്രാധിപര്‍ രാജേഷ്‌ കുമാറിന് കൈമാറി. വെറും അലമാരയ്ക്കുള്ളില്‍ ഒതുക്കി നിര്‌ത്തപ്പെടെണ്ടവയായിരിക്കില്ല പകരം  യുവപ്രതിഭകളുടെ സൃഷ്ടികള്‍ ജനഹൃദയങ്ങളില്‍ എത്തിക്കുന്നവയായിരിക്കും പ്രവാസി പബ്ളികേഷന്സിന്റെ പുസ്തകങ്ങള്‍ എന്ന് മുഖ്യ പത്രാധിപര്‍ ഉറപ്പു നല്‍കി.

ചടങ്ങിന്‍റെ ഭാഗമായി  നടന്ന സാഹിത്യ ചര്‍ച്ചക്ക് എം കെ ഭാസി നേതൃത്വം നല്‍കി. മലയാള സാഹിത്യത്തിലെ ഉത്തരാധുനിക പ്രവണതകളെ കുറിച്ചും, കവിതകളെ സിനിമയുടെ ഭാഗമാക്കുന്നതിനെ കുറിച്ചും  സദസ്സ് അഭിപ്രായങ്ങള്‍ പങ്കുവച്ചു. പ്രവാസി എക്സ്പ്രസ്സ്‌ സംഘത്തിലെ ചിത്രകാരന്മാരായ വെണ്മണി ബിമല്‍ രാജ്, അനിഴം അജി, നിയാസ് എന്നിവര്‍ കവിതകളെ ആസ്പദമാക്കി വരച്ച ചിത്രങ്ങള്‍ മുഖ്യാതിഥി എം.കെ ഭാസിക്ക് സമ്മാനിച്ചു.

സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി മാഗസിന്‍ എഡിറ്റര്‍ ശ്രീ. കൃഷ്ണകുമാര്‍, പ്രശസ്ത കവി ശ്രീ.ഡി സുധീരന്‍, ഇതളുകള്‍ മാഗസിന്‍ ചീഫ് എഡിറ്റര്‍ ശ്രീ.സത്യന്‍ പൂക്കുട്ടത്ത്, കല-സിംഗപ്പൂര്‍ പ്രതിനിധി ശ്രീ.ഐസക് വര്‍ഗീസ്‌,  എന്നിവര്‍ ചടങ്ങിനു ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.  രാധാകൃഷ്ണപിള്ള, പ്രകാശ്,  എം.കെ.വി. രാജേഷ്, പനയം ലിജു, വെണ്മണി ബിമല്‍ രാജ്, അനിഴം അജി, നിയാസ്,  അര്‍ച്ചന എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. രാജേഷ് കുമാര്‍ സ്വാഗതവും പനയം ലിജു നന്ദിയും പറഞ്ഞു.

സിംഗപ്പൂരില്‍ വച്ച് നടന്ന മലയാള ദിനാഘോഷങ്ങള്‍ സിംഗപ്പൂരിലുള്ള  ഉറങ്ങിക്കിടക്കുന്ന ഒട്ടേറെ സാഹിത്യ 'സിംഹ'ങ്ങളെ ഉണര്‍ത്താനുള്ള  കാഹളമായാണ് പ്രവാസി എക്സ്പ്രസ്സ്‌ മുന്നോട്ടു വച്ചത്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നവോന്മേഷം നല്‍കാന്‍ ഇതിനു സാധിക്കും എന്നതില്‍ സംശയമില്ല.