ഡല്‍ഹി കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക്

0

സിംഗപ്പൂര്‍: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം സിംഗപ്പൂരില്‍ നിന്നും നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തി ആക്കി വിമാനത്താവളത്തില്‍ എത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലേക്ക്‌ കൊണ്ടുപോവുക. വിമാനം എത്ര മണിക്ക് പുറപ്പെടും എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ലോകത്തെ മുഴുവന്‍ നടുക്കിയ സംഭവം നടന്നു രണ്ടാഴ്ചയോളം മരണത്തോട് മല്ലിടിച്ചാണ് ഇരുപത്തിമൂന്നുകാരിയായ ബീഹാര്‍ സ്വദേശിനി ഇന്ന് രാവിലെ സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത്‌ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചത്.

മരിച്ച പെണ്‍കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി  മാധ്യമങ്ങളെ അകറ്റി നിരത്തിയായിരുന്നു ഭൌതികശരീരം ഇന്ത്യയിലേക്ക്‌ കൊണ്ട് പോകാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്. മുഖം മറച്ച രീതിയിലാണ് മൃതദേഹം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. സമൂഹമനസാക്ഷിയെ നടുക്കിയ സംഭവത്തില്‍ അകപ്പെട്ട പെണ്‍കുട്ടി യാത്രയായത് അറിഞ്ഞു സിംഗപ്പൂരിലുള്ള ഇന്ത്യക്കാരും തദ്ദേശവാസികളും അടക്കം വന്‍ജനാവലി ആശുപത്രിക്ക് പുറത്തു തടിച്ചു കൂടിയിരുന്നു.