ഇന്ന് മകരവിളക്ക്‌; സിംഗപ്പൂരിലും മകരവിളക്ക്‌ ഉത്സവം

0

ഭക്തിയുടെ നിറകോടിയില്‍ ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തിനു ഒരുക്കങ്ങളായി. എല്ലാവര്‍ഷവും ജനുവരി പതിനാലാം തീയതി നടക്കുന്ന മകരവിളക്ക്‌ ഉത്സവത്തിനു സഹസ്രകോടി ഭക്തജനങ്ങളാണ് സാക്ഷ്യം വഹിക്കുന്നത്. 41  ദിവസത്തെ വ്രതവും നോറ്റ് പൊന്നമ്പലമേട്ടിലെ മകരജ്യോതി ദര്‍ശ്ശിക്കാനും സന്നിധാനത്ത് ശബരിഗിരിനാഥനെ തൊഴുത്ത് വണങ്ങാനുമുളള ഭക്തജനപ്രവാഹം പ്രവചനാതീതം. ഇവിടെ സിംഗപ്പൂരിലും മണ്ഡലപൂജക്കും മകരവിളക്ക്‌ പൂജയ്ക്കുമായി വന്‍ സജ്ജീകരണങ്ങളാണ് സിംഗപ്പൂര്‍ മലയാളി ഹിന്ദു സമാജത്തിന്‍റെ മേല്‍നോട്ടത്തില്‍ തോപയോ ശ്രീ വൈരവിമട കാളിയമ്മന്‍ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 16 മുതല്‍ 26 വരെ തീയ്യതികളിലായി മണ്ഡലപൂജ ചടങ്ങുകള്‍ വന്‍ ഭക്തജനസന്നിധ്യത്തില്‍ നടന്നു. തുടര്‍ന്ന് ഡിസംബര്‍ 26 നു നടന്ന പടിപൂജയിലും നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. മകരവിളക്കിനോടനുബന്ധിച്ചു 2013 ജനുവരി 12 മുതല്‍ 14 വരെ തീയതികളിലായി നടക്കുന്ന പഞ്ചകാലപൂജയുടെ ഒരുക്കങ്ങള്‍ തോ പയോ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി വരുന്നു. അമ്പലത്തില്‍ പുനരുദ്ധാരണം നടക്കുന്നതിനാല്‍ തോപയോ അമ്പലത്തിന്‍റെ അടുത്തുള്ള തുറന്ന സ്ഥലത്ത് വിശാലമായ ടെന്റുകള്‍ കെട്ടി അതിനുള്ളിലാണ്  ഈ വര്‍ഷത്തെ ചടങ്ങുകള്‍ നടക്കുന്നത്. ഈ ആഘോഷങ്ങള്‍ വിജയകരമാക്കുവാന്‍ ഭക്തജനങ്ങളുടെ സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിച്ചു കൊള്ളുന്നു.

ശബരിമലയില്‍  മകരസന്ക്രന്തി (മലയാളമാസം മകരം 1) ദിനം മുതല്‍  ഏഴുനാള്‍ നീണ്ടു നില്‍ക്കുന്ന മകരവിളക്ക്‌ ഉത്സവത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പ സ്വാമിയുടെ തിരുവാഭരണങ്ങള്‍ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ പൂജ ചടങ്ങുകള്‍ക്ക്   ശേഷം നൂറുകണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ കാല്‍നടയായി സന്നിധാനത്തിലേക്ക് പുറപ്പെടുന്നതോടെ  സന്നിധാനവും പരിസരപ്രദേശങ്ങളും ഭക്തജനസമുദ്രത്താല്‍ നിറയുന്നു. തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള യാത്രയില്‍ കാവലയെന്നോണം ആകാശത്ത് വട്ടമിട്ടു പറക്കുന്ന പരുന്തു ഒരു അത്ഭുത പ്രതിഭാസവും   ഭക്തി നിര്‍ഭാരവും  തന്നെ. തിരുവാഭരണം സന്നിധാനത്ത് എത്തിച്ചു അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധനയോടെ സന്നിധാനത്തിന്റെ വടക്ക് കിഴക്ക് ദിക്കിലായി  മകരജ്യോതി തെളിയുന്നതോടെ സന്നിധാനവും സമീപപ്രദേശങ്ങളും   അയ്യപ്പ ശരണം വിളികളോടെ മുഖരിതമാവുന്നു. തുടര്‍ന്ന് അയ്യപ്പനെയും ദര്‍ശിച്ചു മകരവിളക്കും തൊഴുതു പാപമോക്ഷവും നേടി ഭക്തിസാന്ദ്രമായ മനസോടെ ജനലക്ഷങ്ങള്‍ മലയിറങ്ങി തുടങ്ങുന്നു.

സിംഗപ്പൂര്‍ തോ പയോ ക്ഷേത്രത്തില്‍ നടക്കുന്ന മകരവിളക്ക്‌ പൂജ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഭക്തര്‍ ഈ  നമ്പരുകളില്‍ (അജയകുമാര്‍ -92387500, സുജാത നായര്‍  – 90117934, വിനീഷ് -90274750)  ഹിന്ദു സമാജവുമായി  ബന്ധപ്പെടെണ്ടതാകുന്നു.
[Press Release: Singapore Malayali Hindu Samajam]