നളന്ദ സര്‍വകലാശാലാ പുനര്‍നിര്‍മാണത്തില്‍ സിംഗപ്പൂരിന്റെ സംഭാവനയായി ആര്‍ട്ട് ലൈബ്രറി

0

സിംഗപ്പൂര്‍: പുരാതന ഭാരതത്തിന്റെ അഭിമാനമായിരുന്ന നളന്ദ യുനിവേര്‍സിടിയുടെ പുനര്‍നിര്‍മാണത്തിനു സിംഗപ്പൂരിന്റെ സംഭാവനയും. ഏകദേശം സിംഗപ്പൂര്‍ ഡോളര്‍ 8 മില്ല്യന്‍ വിലമതിക്കുന്ന ആര്‌ട്ട് ലൈബ്രറി ആയിരിക്കും സിംഗപ്പൂര്‍ നിര്‍മ്മിച്ചു നല്‍കുക. നളന്ദയുടെ പുനര്‍നിര്‍മാണപ്രക്രിയയുടെ അന്തര്‍ദേശീയ ഉപദേശകസമിതി അംഗം കൂടി ആയ സിംഗപ്പൂര്‍ മുന്‍ വിദേശകാര്യമന്ത്രി ജോര്‍ജ് ഇയോ അറിയിച്ചതാണ് ഇക്കാര്യം. ഈ പുനര്‍നിര്‍മാണത്തിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കാന് സിംഗപ്പൂര്‍ സന്നദ്ധരാണ് എന്നും അദ്ദേഹം പറഞ്ഞു.

പുരാതന ഇന്ത്യയിലെ അതിപ്രശസ്തമായ അന്താ‍രാഷ്ട്ര റെസിഡെന്‍ഷ്യല്‌ സര്‍വകലാശാലയായിരുന്നു നളന്ദ. ബിഹാറിന്റെതലസ്ഥാനമായ പാറ്റ്നക്കു അടുത്തായാണ്‌ ഇത് സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തന്‍ പണി കഴിപ്പിച്ചു എന്ന് ചരിത്രരഖകളില്‍ പറയപ്പെടുന്ന ഇവിടെ ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഉണ്ടായിരുന്നു. 427 മുതല്‍ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവര്‍ത്തിച്ചിരുന്നു.

സിംഗപ്പൂരിനെ കൂടാതെ മറ്റു ആസിയാന്‍ രാഷ്ട്രങ്ങളും ചൈന, ജപ്പാന്‍ തുടങ്ങിയവയും നളന്ദയെ പുനര്‍ജനിപ്പിക്കാനുള്ള ശ്രമത്തില്‍ സജീവ പങ്കാളികളാണ്. 2009ഇല്‍ തായ്ലാന്‍ഡില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ആണ് പുനരുദ്ധാരണതീരുമാനം പ്രഖ്യാപിച്ചത്. നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍ ആണ് മേല്‍നോട്ടം വഹിക്കുന്ന സമിതിയുടെ ചെയര്‍മാന്‍. തത്വശാസ്ത്രം,ബിസിനെസ്സ് മാനേജ്മെന്റ്,ഭാഷയും സാഹിത്യവും ചരിത്രം തുടങ്ങിയവയാകും സര്‍വകലാശാല ആരംഭത്തില്‍ കൈകാര്യം ചെയ്യാന്‍ പോകുന്ന പ്രധാന വിഷയങ്ങള്‍. താല്‍ക്കാലിക കെട്ടിടത്തില്‍ 2014ഓടെ ചരിത്രം പരിസ്ഥിതിവിജ്ഞാനം എന്നീ രണ്ടു കോഴ്സുകളില്‍ അധ്യയനം ആരംഭിക്കും.