ചില ഫേസ്‌ബുക്ക്‌ ടാഗിംഗ് മര്യാദകള്‍

0

തോന്ന്യാസം കാണിക്കുന്നത് ഒരു പരിധി വരെ ക്ഷമിക്കാം; പറഞ്ഞു മനസ്സിലാക്കാം. എന്നിട്ടും കാണിച്ചാല്‍ എന്ത് ചെയ്യും. "ചൊല്ലി കൊട്, തല്ലി കൊട്, നുള്ളി കള " എന്നാണല്ലോ വെപ്പ്.
ആദ്യം അവനോടു പറഞ്ഞു കൊടുത്തു, ഡേയ് ഇങ്ങനെ പൂച്ചേടേം പട്ടീടേം, കണ്ട ചെമ്പരത്തിപൂവിന്റെയൊക്കെ മേലെ എന്നെ പിടിച്ചു ടാഗ്  ചെയ്യല്ലേ എന്ന്. എവിടെ ? ദാണ്ടേ പിന്നേം വരുന്നു ടാഗിംഗ്. പിന്നെ തല്ലി നോക്കി. ഫേസ് ബുക്ക്‌  കാരണവര്‍ക്ക്‌ "റിപ്പോര്‍ട്ട്‌" ചെയ്തു. നോ രക്ഷ… പിന്നെ എന്നാ ചെയ്യാനാ അങ്ങ് നുള്ളിക്കളഞ്ഞു. അല്ല, അതിനാണല്ലോ ഈ "Unfriend" ബട്ടണ്‍ അതിന്റെ അടിയില്‍ ഒളിപ്പിച്ചു വച്ചേക്കുന്നത്.

സത്യമായിട്ടും പൊന്നളിയാ, പണ്ടീ ഫേസ്ബുക്കില്‍, കണ്ട കൂതറ നോട്ടിഫിക്കേഷന്‍സ്  ഒന്നും ഇങ്ങനെ വരില്ലായിരുന്നു. അന്നു ഞാനും ചെയ്യുമായിരുന്നു ഈ ടാഗിംഗ്. നിര്‍ത്തീ, ഞാന്‍ നിര്‍ത്തീ. ഈ ഒരു ഉപദ്രവം മനസ്സിലാക്കിയപ്പോഴേ ഞാന്‍ നിര്‍ത്തുകയും, ബാക്കി ഉള്ളവന്മാരോട് പറയുകേം ചെയ്തു. ഒരു വിധം ആള്‍ക്കാര്‍ക്കൊക്കെ മനസ്സിലായെന്നാണ് എന്റെ ഒരു കണക്കുക്കൂട്ടല്‍. അല്ലാത്തോര്‍ക്ക്‌ പിന്നെ ആദ്യം പറഞ്ഞത് തന്നെ. ഏത് , "ചൊല്ലി കൊട്, തല്ലി കൊട്, നുള്ളി കള ". അല്ല പിന്നെ.

സത്യം പറയാലോ, സുഹൃത്തുക്കള്‍ എനിക്ക് എന്നും വേണ്ടപ്പെട്ടവരാണ്. അത് നേരിട്ടുള്ളതായാലും ഫേസ്ബുക്ക്‌ പോലുള്ള കമ്മ്യൂണിറ്റി സൈറ്റുകള്‍ വഴിയായാലും. നിങ്ങള്‍ ടാഗ്  ചെയ്തോ, എന്റെ ഈ മോന്തായത്തിന്റെ ഏതെങ്കിലും ഒരു വശം ഏതെങ്കിലും പടത്തില്‍ കാണുകയാണെങ്കില്‍. അല്ലാതെ  പ്ലീസ്, ഒരു വിധ ബന്ധവുമില്ലാത്ത ഫോട്ടോകളില്‍ ആരേം ടാഗ് ചെയ്യരുത്. ഒരു പാട് ആക്റ്റിവ് സുഹൃത്തുക്കള്‍ ഉള്ള, ഫേസ്ബുക്ക്‌ പരിപാടികള്‍ പകുതിയെങ്കിലും ഉപകാരപ്രദമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഒരുത്തന്റെ – ഇത്രേം ടൈപ്പ് ചെയ്യാന്‍ മേലാത്ത ഒരു പാട് പേരുടെ- വിലാപമായി ഇതിനെ കണക്കാക്കണം.

ഈ പറഞ്ഞതിന് ആരും പിണങ്ങണ്ട, ഞാന്‍ കാര്യം പറഞ്ഞു എന്നെ ഉള്ളൂ. അനാവശ്യ ടാഗിംഗ് നിങ്ങള്‍ക്ക് /ചിത്രങ്ങള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടിയേക്കാം, പക്ഷെ, നിങ്ങളുടെ "സുഹൃത്തുക്കളുടെ" സൗകര്യം കൂടി പരിഗണിക്കൂ.

വാല്‍ക്കഷണം :
1 ) കഴിഞ്ഞ ദിവസം ചെയ്ത ഏറ്റവും വലിയ പണി, 400-ല്‍ അധികം വരുന്ന പടങ്ങള്‍ ഒക്കെ നോക്കി ബാക്കി വന്ന അനാവശ്യ  ടാഗിംഗ് ഒക്കെ എടുത്തു കളഞ്ഞു. ഇനി വല്ലതും ആരെങ്കിലും കാണുകയാണേല്‍ മടി കൂടാതെ അറിയിക്കാന്‍ താല്‍പ്പര്യം.

2) എനിക്ക് എന്റെ മുഖം ടാഗ്  ചെയ്യുന്നതില്‍ വിരോധമില്ല. അത് കൊണ്ട് ടാഗിംഗ് മുഴുവന്‍ ബ്ലോക്ക്‌  ചെയ്യാന്‍ താല്പര്യമില്ല.