അരങ്ങൊഴിഞ്ഞ അഭിനയശ്രീ: സുകുമാരി

0

ചെന്നൈ: പ്രശസ്ത മലയാള നടി സുകുമാരി ഇനി ഓര്‍മ്മകളില്‍. ഗുരുതരമായി പൊള്ളലേറ്റ്‌ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കവെയാണ് തെന്നിന്ത്യയുടെ അഭിനയശ്രീ മരണത്തിന് കീഴടങ്ങിയത്‌. 74 വയസ്സായിരുന്നു. ചലച്ചിത്ര രംഗത്ത്‌ അറുപതിലേറെ വര്‍ഷങ്ങള്‍ സജീവമായിരുന്ന സുകുമാരി 2000ല്‍ അധികം  സിനിമകളെ കൂടാതെ സീരിയല്‍,നാടക വേദികളിലും ടെലിവിഷന്‍ ഷോ കളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാള സിനിമയുടെ മൂന്ന്‍ തലമുറകള്‍ക്കൊപ്പം അഭിനയിച്ചതിനു പുറമേ തെന്നിന്ത്യയിലെ എല്ലാ ഭാഷയിലും അഭിനയിച്ച സുകുമാരി എല്ലാ ഭാഷകളിലും സ്വന്തമായി ഡബ്ബ് ചെയ്യുന്ന ഏക നടി എന്ന ഖ്യാതിയും നേടിയിട്ടുണ്ട്.

1940 ഒക്ടോബര്‍ 6 ന് തമിഴ്‌ നാട്ടിലെ നാഗര്‍കോവിലില്‍ ജനിച്ച സുകുമാരി പത്താമത്തെ വയസ്സില്‍ അഭിനയം തുടങ്ങി. ഒട്ടനവധി ഹാസ്യ വേഷങ്ങളും സ്വഭാവ വേഷങ്ങളും അഭിനയിച്ച ഇവര്‍ കോമഡിയും സീരിയസും ആയ വേഷങ്ങള്‍ വഴങ്ങുന്ന ചുരുക്കം ചില നടിമാരില്‍ മുന്‍ നിരയില്‍ ആയിരുന്നു.

ഭര്‍ത്താവ്‌ ഭീം സിംഗിന്റെ അകാല മരണത്തോടെ മുപ്പതാം വയസ്സില്‍ വിധവ ആയ സുകുമാരിയുടെ ജീവിതത്തില്‍ എല്ലാം സിനിമ ആയിരുന്നു.

‘ഒരറിവ്’ എന്ന തമിഴ്‌ ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ഈ അഭിനേത്രി ഒരിക്കല്‍ പോലും ഈ രംഗത്ത്‌ പിന്തിരിഞ്ഞു നില്‍ക്കേണ്ടി വന്നിട്ടില്ല. അനായാസേനയുള്ള അഭിനയ മികവ് ഭാരത്തിലെ എല്ലാ ഭാഷകളിലെയും ചെറുതും വലുതുമായ അനേക സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദേശീയ സംസ്ഥാന തലങ്ങളില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ സുകുമാരിയെ 2003ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.

അഭിനയം മാത്രമല്ല, കഥകളി, കേരള നടനം, ഭരതനാട്യം എന്നീ കലകളിലും പ്രാവീണ്യം നേടിയിട്ടുണ്ട് ഈ അഭിനേത്രി.

മകന്‍ ഡോ.സുരേഷ്.