വി എസ്സ് സിംഗപ്പൂരിലേക്ക്…

0

കേരളത്തിന്‍റെ പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.സ്. അച്യുതാനന്ദന്‍ ആദ്യമായി സിംഗപ്പൂരിലേക്ക്.. പ്രവാസി എക്സ്പ്രസ് വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കാനാണ് ജനനായകന്‍ സിംഗപ്പൂരിലെത്തുന്നത്. ഇ.എം.എസിനു ശേഷം ഇത്രയും ജനപിന്തുണയും രാഷ്ട്രീയത്തിനതീതമായ ആരാധക വൃന്ദവുമുള്ള മറ്റൊരു നേതാവ് കേരളത്തിലില്ല….

ഓളങ്ങള്‍ക്ക് മേലയും രുദ്രമായ തിരകള്‍ക്ക് മേലയും ഒരേ മനസ്സാന്നിധ്യമോടെ  വഞ്ചി തുഴയാന്‍ കാലം  നല്‍കിയ പരിചയ സമ്പന്നതയും പക്വതയും എന്നും കരുത്താണ്. തുഴയെറിയുമ്പോള്‍ മുഖത്തെ മായാത്ത പുഞ്ചിരി എന്തിനെയും തോല്‍പ്പിക്കാന്‍ ശക്തിയുള്ള വജ്രായുധം പോല്‍ മിന്നി തിളങ്ങും. ഉയര്‍ച്ച താഴ്ച്ചകളെ ഒരേ മനോഭാവത്തില്‍ എടുത്ത്, എന്നാല്‍ വേര്‍തിരിച്ച് കണ്ടു പ്രവര്‍ത്തിക്കുക എന്ന സാമാന്യ തത്വം പ്രാവര്‍ത്തികമാക്കുക എന്നതും ആര്‍ജിച്ചതോ വന്നു ചേര്‍ന്നതോ ആയ സ്വഭാവ സമ്പന്നതയാണ്. മറ്റുള്ളവര്‍ക്ക് ഈ വിജയ ഭാവത്തെ ആരാധയോടെയെ നോക്കികാണാന്‍ കഴിയൂ.  അത്തരത്തില്‍ മനസ്സില്‍ ഉദിക്കുന്ന ഒരായിരം ആരാധനാ സൂര്യനമാരുടെ കിരണങ്ങളില്‍ പൊന്‍പ്രഭ തൂകി നില്‍ക്കുന്ന വ്യക്തിത്വമാണ് വി എസ്.

കേരളത്തിന്‍റെ ജനാധിപത്യ രാഷ്ട്രീയ ചരിത്രത്തില്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ചിത്രത്തില്‍  വി എസ് എന്നും വ്യക്തി പ്രഭാവം നിലനിര്‍ത്തുന്ന രാഷ്ട്രീയ നേതാവാണ്‌. ജനപക്ഷ രാഷ്രീടക്കാരന്‍ എന്ന നിലയില്‍ ജനമനസുകള്‍ ഏറ്റു വാങ്ങിയ ചുരുക്കം ചില രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാള്‍. ചിലപ്പോള്‍ തന്‍റെ നിലപാടുക്കള്‍ക്ക് മേലെയാണ് ശ്രീ അച്ചുതാനന്ദന് ജനസന്ജയം. ജന വികാരത്തെ രാഷ്ട്രീയ വിചാരങ്ങള്‍ക്ക് മേലെ കാണാന്‍ മടി കാണിക്കുന്ന നല്ല രാഷ്ട്രീയത്തിന്‍റെ കാവലാളാവാന്‍ വി എസ് മടി കാണിച്ചിട്ടില്ല.

ദുഃഖവും ദുരിതവും ക്രൂരതയും ഒരിക്കലും നോക്കി നില്‍ക്കാനോ, മാറി  നിന്ന് ന്യായം പറഞ്ഞു വഴി മാറി പോകാനോ ഈ വ്യക്തിത്വത്തിന് ആകില്ല. ന്യായമായ എന്തിലും നേര് നോക്കി ഇടപെടാന്‍ വി എസ് എന്നും ശ്രമിച്ചു. ആ ശ്രമം തുടരുകയാണ്. ആരും ഒരു പാര്‍ട്ടിക്കും അതീതരല്ല എന്നിരിക്കെ, നോവിന്‍റെയും നൊമ്പരത്തിന്‍റെയും അരുതാഴ്മയുടെയും നോക്കുകുത്തിയാവാന്‍ പാര്‍ട്ടി വിശ്വാസം എന്നല്ല  ഒരു വിശ്വാസവും തടസ്സമാവരുത് എന്ന് വി എസ്സ് വിശ്വസിക്കുന്നിരിക്കാം. ന്യായാന്യായങ്ങള്‍ നോക്കി വിലയിരുത്തല്‍ നടത്തി വികലനങ്ങളുടെ ചര്‍ച്ചക്ക് വേദിയൊരുക്കുമ്പോള്‍ ഈ ജന നേതാവിനോട് ജനങ്ങളുടെ ഇഷ്ടം കൂടുന്നു.

വിപ്ലവം വാക്കുകളില്‍ മാത്രം പോര എന്ന ചിന്തയാകാം മാറ്റത്തിന്‍റെ ചുക്കാന്‍ ജനങ്ങളുമായി പങ്ക് വെക്കാന്‍ വി എസ്സിനെ പ്രേരിപ്പിക്കുന്നത്. ഓരോ പ്രശ്നത്തിലും ഇറങ്ങി പുറപ്പെടുമ്പോള്‍ ഒരു ജനകൂട്ടം തന്നെ ഈ നേതാവിന്‍റെ പിന്തുടരാന്‍ കാരണം അതാകാം. വി എസ്സ് ഇടപെട്ടാല്‍ അതില്‍ ന്യായം ഉണ്ടാകും എന്ന് ജനം വിശ്വസിക്കുന്നതും ജനങ്ങളുടെ നായകന്‍ എല്ലാ ജനത്തിലും ഉള്ള വിശ്വാസം കൊണ്ടാണ്.

1964 ല്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ് നടത്തി പുറത്തു വന്നവരില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍ വി എസ്സ് ആണ്. സിപിഐ എമ്മിന്‍റെ  ഇന്നോളമുള്ള യാത്രയില്‍ ആദര്‍ശ ധീരനായ മുന്നണി പോരാളിയായി വി എസ്സ് എന്നും പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുന്നു.

സമകാലീന രാഷ്ട്രീയ സാഹചര്യത്തിലെ  സ്ഥാനമാന മത്സരങ്ങള്‍ക്ക് എന്നും അതിശയമായ ഈ സാമൂഹിക ഉന്നമനോല്‍സുകനായ ഇടതുപക്ഷ രാഷ്ട്രീയ നേതാവ് അദ്വാനിക്കുന്ന ജന വിഭാഗത്തിന്‍റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി നിരവധി പോരാട്ടങ്ങള്‍ക്ക് മുന്നണി പോരാളി ആകുന്നു.
വിപ്ലവ സമരങ്ങളുടെ തീച്ചൂളകള്‍ കൊളുത്തിയ വാരികുന്ത പന്തങ്ങള്‍ ആയുധമാക്കിയ പുന്നപ്ര വയലാര്‍ സമര പോരാളി ഭൂസമര വീര്യത്തിന്‍റെ കെടാത്ത അഗ്നി നാളങ്ങള്‍ കൊണ്ട് ഒരു ജന വിഭാഗത്തിനെ സംഘടനാ ശക്തിയുടെ  സര്‍വ്വ ശക്തിയിലേക്ക് വഴികാട്ടിയപ്പോള്‍ കര്‍ഷക തൊഴിലാളി സമരങ്ങളുടെ വെള്ളമണല്‍ വിരിച്ച ആലപ്പുഴയുടെ മാനം ചുമപ്പ് അണിയാന്‍ അധിക കാലം എടുത്തില്ല.

1923 –ല്‍  ജനിച്ച വി എസ്സ് 1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്‌ മെമ്പര്‍ ആയി. 1940 ല്‍ പാര്‍ട്ടി മെംബര്‍ ആയി. പിന്നെയങ്ങോട്ട് പാര്‍ടിക്ക് വേണ്ടി ജീവിക്കുക എന്ന സത്യസന്ധമായ പ്രവര്‍ത്തനം നടത്തുന്നു ഈ ധീര സഖാവ്.

കര്‍ഷകര്‍, കയര്‍ തൊഴിലാളികള്‍ ,കളള്  ചെത്ത് തൊഴിലാളികള്‍, തയ്യല്‍ക്കാര്‍,ചുമട്ടുകാര്‍,കശുവണ്ടി തൊഴിലാളികള്‍ ഇങ്ങനെ പട്ടിണി പാവങ്ങള്‍ ആയ ന്യൂന വര്‍ഗ്ഗ തോഴിലാളികളെ ചൂഷണം ചെയ്യുന്ന മേലാളര്‍ക്കെതിരെ സന്ധിയില്ലാ സമരമാണ് വി എസ് നടത്തിയത്‌..

അഴിമതിക്കെതിരെയുള്ള കര്‍കശനിലപാടുകള്‍ അദ്ദേഹത്തിന് ജനങ്ങളുടെ ഇടയില്‍ സമ്മതി വര്‍ദ്ധിപ്പിക്കാന്‍ പോരുന്നതായി. കടുത്ത സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ അദ്ദേഹം നേതൃത്വം നല്‍കിയ പല സമരങ്ങളും ലക്ഷ്യം കാണാതെപോയപ്പോഴും ജനം അദ്ദേഹത്തോടൊപ്പം നിന്നു. അത്തരം സമരങ്ങളില്‍ ഉണ്ടായ തിരിവുകള്‍ അദ്ദേഹം കാരണക്കാരനല്ലെന്ന് ജനത്തിന്‌ നന്നായി അറിയാമായിരുന്നു..

മതികെട്ടാനും, പ്ലാച്ചിമടയും, മൂന്നാറും, വി എസിനെ കേരള ജനത ആവേശത്തോടെ നോക്കി നിന്നതാണ്. കോഴിക്കോടും, കിളിരൂരും വി എസ് സന്ധിയില്ലാ സമര രീതി പ്രഖ്യാപിച്ചത് ഓരോ മലയാളിയും കണ്ടതാണ്.

പ്രായഭേധമന്യേ വി എസ് എന്ന രണ്ടു വാക്കിന്‍റെ ആവേശം സിരകളില്‍ എത്താത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. അതുകൊണ്ടാകാം പാര്‍ട്ടിയിലെ ഈ തലതൊട്ടപ്പനെ പാര്‍ട്ടിക്ക് പോലും തള്ളിപ്പറയാന്‍ കഴിയാത്തത്. സ്വന്തം പാര്‍ട്ടിയില്‍ തരം താഴ്ത്തപ്പെട്ടപ്പോഴും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍റെ ചുമതലയോടെ  അദ്ദേഹം നിലകൊണ്ടു.

രാഷ്ട്രീയത്തിനതീതമായ തന്‍റെ വ്യക്തിപ്രഭാവം അനീതിക്കെതിരായുള്ള സമരത്തിനായി വിനിയോഗിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. തലമുറകള്‍ അറിയേണ്ട പാഠങ്ങള്‍ നിറഞ്ഞ ഒരു സര്‍വകലാശാലയാണ് വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന സഖാവ് വി എസ്.  മലയാളിയുടെ ഈ വിപ്ലവ ചരിത്രനായകന്‍ സഖാവ് വി.എസ് യാത്ര തുടരുകയാണ്, സമരങ്ങളുടെ കനല്‍ച്ചൂളയിലൂടെ…

പ്രവാസി എക്സ്പ്രസ് നൈറ്റ്‌ 2013 ന്‍റെ.മുഖ്യാതിഥിയായി എത്തുന്നതിലൂടെ ആദര്‍ശധീരനായഒരു നേതാവിനെയാണ് സിംഗപ്പൂര്‍ മലയാളികള്‍ക്ക് അടുത്തറിയാന്‍ അവസരം ഉണ്ടാകുന്നത്.
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.