ഒരാള്‍പ്പൊക്കം: ആദ്യത്തെ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങ് മലയാളം സിനിമ.

0

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈനിലൂടെ ഫണ്ട് ശേഖരിച്ചു സിനിമ നിര്‍മ്മിക്കുന്നു; കാഴ്ച ഫിലിം ഫോറം അവതരിപ്പിക്കുന്ന “ഒരാള്‍പ്പൊക്കം” ആണ് ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം.

 പ്രമുഖ നിര്‍മാതാവും നടനുമായ പ്രകാശ് ബാരെ, തമിഴ് എഴുത്തുകാരി മീന കന്തസ്വാമി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഒരാള്‍പ്പൊക്കം സംവിധാനം ചെയ്യുന്നത് ചിത്രത്തിന്‍റെ തിരക്കഥാകൃത്തു കൂടിയായ സനില്‍ ശശിധരനാണ്. പ്രശസ്ത ഛായാഗ്രാഹകന്‍ സണ്ണി ജോസഫാണു ക്രിയേറ്റീവ് അഡ്വൈസര്‍. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ബി.അജിത് കുമാര്‍ കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍. സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നതു ടി.കൃഷ്ണനുണ്ണി. എന്‍. ഹരികുമാറാണു സൗണ്ട് മിക്സിങ് ചുമതലക്കാരന്‍.

മീഡിയ, എന്‍റര്‍ടെയിന്‍മെന്‍റ് സ്റ്റാര്‍ട്ടപ് കമ്പനിയായ സ്പ്രിങ്ങര്‍ ആണ് തുക സമാഹരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. ലോ ബഡ്ജറ്റില്‍ തയ്യാറാവുന്ന ഈ സിനിമയ്ക്ക് 35 ലക്ഷം രൂപയാണു ചിത്രത്തിന്‍റെ മുതല്‍ മുടക്ക്.

കുറഞ്ഞ ചെലവില്‍ മികച്ച സിനിമ. അതും നിലവാരമുള്ള സിനിമ. അതാണു ഞങ്ങളുടെ പ്രതീക്ഷ – സ്പ്രിങ്ങര്‍ ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ അഭിനവ് ശ്രീ പറയുന്നു. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച സ്പ്രിങ്ങര്‍ കലാകാരന്‍മാര്‍ക്കു പുതുവേദികളൊരുക്കുന്ന സംരംഭമാണ്. ക്രൗഡ് ഫണ്ടിങ്ങിലൂടെ സിനിമാ പ്രേമികള്‍ക്ക്‌ സിനിമയുടെ ഭാഗമാകുവാന്‍ അവസരം നല്‍കുകയാണ്. മ്യൂസിക് വിഡിയോ, മൂവി പ്രൊഡക്ഷന്‍ തുടങ്ങി താല്‍പര്യ മേഖലകളേറെയുണ്ട്. നിക്ഷേപ തുകയുടെ വലുപ്പമനുസരിച്ചാകും ലാഭ വിഹിതം.

ഒരാള്‍പ്പൊക്കത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. രണ്ടാമത്തെ ഷെഡ്യൂള്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്.  സിനിമാ സ്നേഹികള്‍ക്ക് നല്ല സിനിമയുടെ ഭാഗമാകുവാനുള്ള ഈ അവസരം വിനിയോഗിക്കാം.

വിശദ വിവരങ്ങള്‍ക്ക് :  http://www.kazhcha.in/donate-us.html | http://www.springr.me/

 

First Teaser of Oraalppokkam