ഇന്ത്യയില്‍ മലേഷ്യ എയര്‍ലൈന്‍സിനെ കൈവിടാത്തത് മലയാളികള്‍ മാത്രം

0

 

കൊച്ചി : കാണാതായ വിമാനത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ ഇന്ത്യയിലെ ബുക്കിംഗില്‍ 25% വരെ കുറവുണ്ടാകുകയും ,15%ത്തോളം പേര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്തതായി കഴിഞ്ഞദിവസം ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു .എന്നാല്‍ ഇതില്‍നിന്നു വിപരീതമായ വാര്‍ത്തകളാണ് കൊച്ചിയില്‍ നിന്ന് ലഭിക്കുന്നത് .ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലെ ആളുകള്‍ പേടിയോടെ മലേഷ്യ എയര്‍ലൈന്‍സിനെ ഒഴിവാക്കുമ്പോള്‍ അതൊന്നും കാര്യമാക്കാതെ വ്യത്യസ്തരാകുകയാണ് മലയാളികള്‍ .
 
സംഭവം നടന്ന് രണ്ടാഴ്ച്ചയായിട്ടും കൊച്ചിയില്‍ നിന്നുള്ള ടിക്കറ്റുകള്‍ ഇതുവരെ റദ്ദാക്കിയിട്ടില്ല എന്ന് മാത്രമല്ല പലദിവസങ്ങളിലും ടിക്കറ്റുകള്‍ ലഭ്യവുമല്ല എന്നാണ് ട്രാവല്‍ ഏജന്‍സീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കേരളത്തിന്‍റെ ചുമതലയുള്ള പൗലോസ് കെ മാത്യൂ പറയുന്നത് .വേനല്‍ക്കാല അവധിക്കാലം പ്രമാണിച്ച് 80%-ത്തോളം ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുന്‍പേതന്നെ വിറ്റുപോയതായി അദ്ദേഹം അറിയിച്ചു .വരുംദിവസങ്ങളിലും ടിക്കറ്റ് വില്‍പ്പനയില്‍ വന്‍വര്‍ധനയാണ് പ്രതീക്ഷിക്കുന്നത് .
 
കേരളത്തില്‍ നിന്ന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മലേഷ്യന്‍ യാത്രയ്ക്ക് മുന്‍പോന്നുമില്ലാത്ത രീതിയിലുള്ള വര്‍ധനയാണ് രേഖപ്പെടുത്തുന്നത് .അതുകൊണ്ടുതന്നെ പുതിയ എയര്‍ലൈനായ മാലിന്‍ഡോ എയറിന്റെ ബുക്കിങ്ങും വര്‍ധിക്കുന്നതായി ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .എന്നാല്‍ കമ്മീഷന്‍ ഇല്ലാത്തതുകൊണ്ട് എയര്‍ഏഷ്യയെ ഏജന്‍സികള്‍ അധികം പ്രോത്സാഹിപ്പിക്കാറില്ല.