നിപ വൈറസ്: 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

0

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 4 എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നിപ രോഗ ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് തുടങ്ങും. രോഗ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘമാണ് വവ്വാലുകളെ പിടികൂടുക. മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായവും ഉണ്ടാകും. രോഗം ബാധിച്ചു മരിച്ച പന്ത്രണ്ടുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന മുന്നൂരിനടുത്ത് വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങൾ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ വല കെട്ടി രാത്രിയോടെ വവ്വാലുകളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ.

മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്ക പട്ടികയിലെ 64 പേരാണ് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വരും.