സിംഹാസനത്തിലേക്ക് മോഡി

0
റയില്‍വേ സ്റ്റെഷനില്‍ ചായ വിറ്റു നടന്നിരുന്ന ബാലന്‍, നൂറ്റി ഇരുപത് കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ ചുമലിലേറ്റി ഇന്ത്യന്‍ പ്രധാനമന്ത്രി ആയി അധികാരമേറ്റു. ചരിത്രവിജയവുമായി ബി ജെ പി യെ അധികാരത്തിലേക്ക് നയിച്ച നരേന്ദ്രമോഡിക്കൊപ്പം 45 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. 
പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജ്പക്സെ തുടങ്ങിയ ലോകനേതാക്കള്‍ സന്നിഹിതരായിരുന്ന സദസ്സില്‍ വച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിക്കും പുതിയ മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഏതാണ്ട് നാലായിരത്തോളം പേരാണ് ചടങ്ങില്‍ സന്നിഹിതരായിരുന്നത്.
24 കാബിനറ്റ് മന്ത്രിമാരും 10 സ്വന്തന്ത്ര ചുമതലയുള്ള മന്ത്രിമാരും 11 സഹമന്ത്രിമാരുമാണ് അധികാരമേറ്റെടുത്തത്. ആഭ്യന്തരമന്ത്രി ആയി സ്ഥാനമേറ്റ രാജനാഥ് സിംഗാണ് മന്ത്രിസഭയിലെ രണ്ടാമന്‍. സുഷമ സ്വരാജിന് വിദേശകാര്യവും അരുണ്‍ ജെറ്റ്ലിക്ക് ധനകാര്യവും ലഭിച്ചു. 
ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയിലൂടെയാണ് നരേന്ദ്രമോഡി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില്‍ എത്തിയത്. 545 അംഗ ലോകസഭയില്‍ 336 അംഗങ്ങളാണ് എന്‍.ഡി.എ യില്‍ ഉള്ളത്. ബി ജെ പി 282 സീറ്റുകള്‍ നേടിയതോടെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കക്ഷി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി എന്ന പ്രത്യേകതയും ഇത്തവണത്തെ ലോകസഭയ്ക്കുണ്ട്. 
വികസനമുദ്രാവാക്യവുമായി വോട്ടു നേടി ജയിച്ച മോഡിയില്‍  വന്‍ പ്രതീക്ഷയാണ് രാജ്യം അര്‍പ്പിച്ചിരിക്കുന്നത്. സന്പദ് വ്യവസ്ഥയിലും പൊതുഭരണവ്യവസ്ഥിതിയിലും സാധാരണക്കാരുടെ പ്രശ്നങ്ങളിലും ഏതൊക്കെ മാറ്റങ്ങളായിരിക്കും പുതിയ സര്‍ക്കാര്‍ കൊണ്ടുവരിക എന്നും ജനങ്ങള്‍ ഉറ്റുനോക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവാസ് ഷെരീഫിനെ ക്ഷണിച്ചതിലൂടെയും അന്പതില്‍ താഴെ മാത്രം ഉള്ള മന്ത്രിസഭ പ്രഖ്യാപിച്ചതിലൂടെയും മോഡി തന്റെ നയം വ്യകതമാക്കി  കഴിഞ്ഞു.
കൂട്ടുകക്ഷി ഭരണത്തിലെ വെല്ലുവിളികളില്ലാതെ ഭരിക്കാന്‍ ജനങ്ങള്‍ നല്കിയ അധികാരം പ്രയോജനപ്പെടുത്തി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന് സാധാരണക്കാരുടെ പ്രതിനിധി ആയ പ്രധാനമന്ത്രിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നു.