തിരികെ വന്ന നായിക

0

പ്രതാപകാലത്ത്, അവസരങ്ങളുടെയും അംഗീകാരാങ്ങളുടെയും ഉച്ഛസ്ഥായിയില്‍ നിന്ന് വിവാഹത്തോടെ അരങ്ങുപേക്ഷിച്ചു പോയ നായിക വെള്ളിത്തിരയില്‍ തിരികെയെത്തി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ – പഴയ പ്രതാപത്തോടെ തന്നെ…. അതെ; കേരളത്തിലെ സിനിമാഹാളുകള്‍ കഴിഞ്ഞ ഒരാഴ്ചയായി ഈ നായികയെ കാണാന്‍ നിറയുന്നു. മലയാളത്തിന്‍റെ പ്രിയ നായിക മഞ്ജു വാര്യര്‍!

സിംഗപ്പൂരില്‍ ഇതുവരെ എത്തിയില്ലെങ്കിലും കേരളജനത ‘ഹൌ ഓള്‍ഡ്‌ ആര്‍ യു ‘ എന്ന ചിത്രം നെഞ്ചേറ്റിക്കഴിഞ്ഞു. ഇതിലെ നിരുപമ എന്ന നായിക കഥാപാത്രമായാണ് മഞ്ജു സിനിമാ ലോകത്തേക്ക് തിരിച്ചു വന്നത്. മാത്രമല്ല ഈ ചിത്രം മഞ്ജുവിന്‍റെ സ്വന്തം ജീവിതകഥയാണോ എന്നുള്ള അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ ‘നിരുപമ ഞാന്‍ തന്നെയാണ്’ എന്നു ഫേസ്ബുക്കിലൂടെ മഞ്ജു കുറിച്ചിരിക്കുന്നു. സഹര്‍ഷം ചിത്രത്തെയും തിരിച്ചു വന്ന തന്നെയും സ്വീകരിച്ചവരോട് നന്ദി പറഞ്ഞ കുറിപ്പില്‍ തന്‍റെ ആത്മാവുതന്നെ അടര്‍ത്തിയെടുത്താണ് നിരുപമയ്ക്ക്‌ ജീവന്‍ നല്‍കിയതെന്ന് മഞ്ജു പറഞ്ഞു.

സാധാരണയായി നായികമാര്‍ തിരിച്ചു വന്നാല്‍ ലഭിക്കുന്നത് സഹനടി/അമ്മ വേഷങ്ങളാണ്. പ്രായമേറെ ചെന്ന നായക നടന്മാരും ഇരുപതില്‍ താഴെ മാത്രമുള്ള നായിക നടിമാരും വാഴുന്ന മലയാളസിനിമയ്ക്ക് ഒരു അപവാദമായല്ല മറിച്ച് അഭിമാനമായാണ് മഞ്ജുവിന്‍റെ ഈ തരിച്ചു വരവ്. ഭാഗ്യവും കഴിവും സൗന്ദര്യവും ഒത്തു ചേര്‍ന്ന്‍ ഒരു നായികാ കേന്ദ്രീകൃത ചിത്രത്തിലെ നായികയായിത്തന്നെയാണ് മഞ്ജുവിന്‍റെ രണ്ടാം അരങ്ങേറ്റം.

ഭര്‍ത്താവും മകളും അടങ്ങുന്ന ചെറിയ ലോകത്ത് സംതൃപ്തയായി(?) കഴിയുന്ന വീട്ടമ്മ പെട്ടെന്നൊരുനാള്‍ സ്വന്തം സ്വപ്നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിച്ചു തുടങ്ങുമ്പോള്‍; ഈ ചിത്രം മഞ്ജുവിന്‍റെ ജീവിതം തന്നെയല്ലേ എന്നു വാര്‍ത്തകളും പ്രചരിച്ചു തുടങ്ങിയിരുന്നു. ഏതായാലും പ്രായം ഒന്നിനും ഒരു പരിധിയല്ല എന്നുള്ള ആശയവുമായി ഇറങ്ങുന്ന ഈ ചിത്രത്തിലൂടെയുള്ള വിജയകരമായ തിരിച്ചുവരവ് മഞ്ജുവിന്‍റെ ഒരു ‘സ്റ്റേറ്റ്മെന്‍റ്’ തന്നെയാണ്.

ടി വി യില്‍ പരസ്യം കണ്ടെങ്കിലും; ഒരു ചെറിയ വെക്കേഷന് കഴിഞ്ഞയാഴ്ച നാട്ടില്‍ പോയപ്പോള്‍ സെവന്‍ത് ഡേ കാണാന്‍ പോയ കൊച്ചിയിലെ ലുലു സിനിപ്ലെക്സില്‍ ആണ് മഞ്ജുവിനെ വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ്‌ സ്ക്രീനില്‍ കാണുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട മഞ്ജു സുന്ദരിയായിരിക്കുമ്പോള്‍, ട്രാക്ക്സ്യൂട്ടിട്ടു ഹാഫ് മാരത്തോണില്‍ പങ്കെടുത്ത് ഓടി വരുന്ന മഞ്ജു ‘സ്ട്രോംഗ്’ മാത്രമല്ല ‘ഹോട്ടു’മാണ്. നായികാപദവിയിലേക്ക് തിരിച്ചു വരാന്‍ എന്തുകൊണ്ടും താന്‍ യോഗ്യയാണെന്ന് ആ ട്രെയിലര്‍ വഴി മഞ്ജു വ്യക്തമാക്കി.

തന്‍റെ ഇനിയുള്ള സിനിമായാത്ര ഈ ചിത്രത്തിന്‍റെ വിജയത്തെ ആശ്രയിച്ചിരിക്കും എന്നു പറഞ്ഞ മഞ്ജുവിനു ഇനി ഉറപ്പിക്കാം …..ആ യാത്ര പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു… വരുംനാളുകളില്‍ ആവര്‍ത്തിക്കാനുള്ള വിജയത്തിന് ഹരിശ്രീ കുറിച്ച് കഴിഞ്ഞു…. അതും ഒരു അനായാസ ജയമല്ല – സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിന്‍റെ ‘മിസ്റ്റര്‍ ഫ്രോഡും’ ന്യൂ ജനറേഷന്‍ തരംഗമായ ‘ബാംഗ്ലൂര്‍ ഡെയ്സും’ മഞ്ജുവിനെതിരെ മത്സരിക്കനുണ്ടായിരുന്നു. മാധ്യമങ്ങള്‍ ലാല്‍ – മഞ്ജു മത്സരം എന്നുവരെ കഴിഞ്ഞ ആഴ്ചയിലെ റിലീസിനെ വിശേഷിപ്പിച്ചു.

ഏറെ വൈകാതെ സിംഗപ്പൂര്‍ സ്ക്രീനുകളിലെക്കും മഞ്ജു എത്തും. കാണാനായി കാത്തിരിക്കുന്ന മലയാള സിനിമാപ്രേമികളുടെ മുന്‍പിലേക്ക്. വിജയങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനും, ഒരു നായിക ആഗ്രഹിച്ചാല്‍ നായികയായിതന്നെ തിരിച്ചു വരാനും നിലനില്‍ക്കാനും സാധിക്കുമെന്നു തെളിയിക്കാനും മഞ്ജുവിനാകട്ടെ എന്നു ആശംസിക്കുന്നു.