മഞ്ജുവിനെയും ദിലീപിനെയും വെറുതെ വിടുക

0
“ആരെങ്കിലും വിവാഹ മോചനം നേടിയെന്നു കേട്ടാല്‍ എനിക്കന്ന് പാല്‍പ്പായസം വെച്ച് കഴിക്കാന്‍ തോന്നും” എന്ന് പണ്ടാരോ ( മാധവിക്കുട്ടി ആണെന്ന് തോന്നുന്നു) എഴുതിയ പോലെയാണ് മലയാളിയുടെ കാര്യം. ആരു വിവാഹമോചനം നേടുന്നു എന്നറിഞ്ഞാലും കൊട്ടിഘോഷിച്ചു നടക്കാന്‍ കച്ച കെട്ടി ഇറങ്ങുന്ന ഒരു വിഭാഗം മലയാളികള്‍ നമ്മുടെ ചുറ്റിലും ഉണ്ട്. അന്യന്‍റെ ബുദ്ധിമുട്ടുകള്‍ കണ്ടു ആസ്വദിച്ചു അയവിറക്കുന്നവര്‍. 
ഇക്കൂട്ടരുടെ കയ്യിലാണ് മലയാളത്തിന്‍റെ പ്രിയതാരങ്ങളായ മഞ്ജുവും ദിലീപും അകപ്പെട്ടിരിക്കുന്നത്. ഒന്നു രണ്ടു കൊല്ലമായി മഞ്ജുവും ദിലീപും അകല്‍ച്ചയിലാണെന്ന് പറഞ്ഞു നടന്നിരുന്നവര്‍ക്ക് ഒടുവില്‍ അവര്‍ വിവാഹമോചനം നേടി എന്ന വാര്‍ത്ത വായിച്ചതോടെ മോക്ഷം ലഭിച്ചു. ഇനി രണ്ടു പേരുടെയും സ്വത്തും മകളെയും എങ്ങിനെ വീതം വെക്കും എന്നാലോചിച്ച് തല പുകക്കുകയാണ് ഇക്കൂട്ടര്‍. 
വികസനത്തില്‍ മാത്രമല്ല അയല്‍ക്കാരന്‍റെ കിടപ്പറയിലേക്ക് എത്തി നോക്കുന്ന സ്വഭാവത്തിലും മലയാളി എന്നും മുന്നില്‍ തന്നെ. സിനിമാ-കായിക-രാഷ്ട്രീയ രംഗത്തെ താരങ്ങള്‍ ആണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. കട്ടിലിനടിയില്‍  ഒളിച്ചിരിക്കാന്‍ പോലും നമുക്ക് മടിയില്ല. അന്യന്റെ കിടപ്പറയില്‍ എത്തി നോക്കി സ്വന്തം കിടപ്പറയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ വിട്ടു പോകുന്ന ചിലര്‍ പോലുമുണ്ട്.
പ്രമുഖരുടെ കിടപ്പറ രഹസ്യങ്ങള്‍ നാട്ടില്‍ പറഞ്ഞു നടക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന നവമാധ്യമങ്ങള്‍ പെരുകി ഫെയിസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ദുര്‍ഗന്ധം വമിപ്പിക്കുന്നു. നടിമാരുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ ഇട്ടു ആള്‍ക്കാരെ തെറ്റിധരിപ്പിക്കുന്ന തലക്കെട്ടുകളും നല്‍കി ഞരമ്പ് രോഗികളെ ആകര്‍ഷിക്കാന്‍ ഇറങ്ങിയിരിക്കുന്ന ഇവരെ പ്രബുദ്ധജനത തിരിച്ചറിയേണ്ടതുണ്ട്. അതൊക്കെ കണ്ടും വായിച്ചു ധൃതംഗപുളകിതരാവുന്നവരും ധാരാളം. 
പറഞ്ഞു വന്ന കാര്യം, മലയാളിക്ക് ഒട്ടേറെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ച മഞ്ജുവിനെയും ദിലീപിനെയും നമുക്ക് വെറുതെ വിട്ടുകൂടെ? നിങ്ങളുടെ സ്വന്തം സഹോദരിക്കോ സഹോദരനോ ആണ് വിവാഹമോചനം നടക്കുന്നതെങ്കില്‍ ഫെയിസ്ബുക്കില്‍ പോസ്ടിട്ടു നാട്ടുകാരെ മുഴുവന്‍ ടാഗ് ചെയ്തു ലൈക്കുകളും കമന്‍റുകളുംകിട്ടുന്നത് കണ്ടാസ്വദിക്കുമോ? 
അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവര് തന്നെ പറഞ്ഞു തീര്‍ക്കട്ടെ. ഇരുവരുടെയും  കൂടുതല്‍ നല്ല സിനിമകള്‍ കാണാന്‍ നമുക്ക് സാധിക്കട്ടെ. അവരെ വെറുതെ വിടുക.
 
 
  
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.