മൂവി റിവ്യു: ഹൌ ഓള്‍ഡ്‌ ആര്‍ യൂ

0

ഒരു സിമ്പിള്‍ കുടുംബചിത്രം. അടിച്ചുപൊളി യൂത്ത്, സിംഗിള്‍സ് എന്നിവരെ പോലും മടുപ്പിക്കില്ല എങ്കിലും ഒരു സാധാരണ കുടുംബപ്രേക്ഷകന് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന, കുടുംബ സമേതം കാണാനുള്ള ചിത്രമാണ്‌ ഹൌ ഓള്‍ഡ്‌ ആര്‍ യൂ. ഭാര്യ ഈ ചിത്രം കണ്ടാല്‍ പാരയാകുമോ എന്നു ചിലരെങ്കിലും ഭയക്കുമ്പോള്‍ ഈ ചിത്രം സബ്സ്റ്റന്‍സ് ഉള്ളതാനെന്നുറപ്പിക്കാം.

വളരെ ചെറിയ സാധാരണമായ ഒരു കഥാതന്തു. അത് വളരെ സമര്‍ത്ഥമായി അവതരിപ്പിച്ച് അതിലേക്ക് ഏതൊരു സാധാരണ കുടുംബത്തിലെയും അനുഭവങ്ങള്‍ ഇണക്കി ചേര്‍ത്ത് കുറച്ചു വന്‍ സംഭവങ്ങളുടെ മേമ്പൊടി വിതറി ഒരു സന്ദേശവും നല്‍കി ഇന്‍സ്പയറിംഗ് ആയി എടുത്തിരിക്കുന്നു. സംവിധായകനായ റോഷന്‍ ആന്‍ഡ്റൂസും കഥ-തിരക്കഥ നിര്‍വഹിച്ച ബോബി-സഞ്ജയ്‌ കൂട്ടുകെട്ടും അഭിനന്ദനമര്‍ഹിക്കുന്നത് ഈ ട്രീറ്റ്മെന്‍റ് രീതിക്കാണ്. മാത്രമല്ല കാസ്റ്റിംഗ് ഗംഭീരമായി.

ഒട്ടും ആമ്പിഷ്യസ് അല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വീട്ടമ്മ. പഠിക്കുന്ന കാലത്ത് മിടുമിടുക്കിയായിരുന്നെങ്കിലും വര്‍ഷങ്ങളുടെ കുടുംബജീവിതത്തിലൂടെ –ഒരു ഭാര്യയും അമ്മയും എങ്ങനെയൊക്കെ ആയിരിക്കണമെന്ന് സമൂഹം കല്‍പ്പിക്കുന്നുവോ അതുപോലെ തന്നെ- തന്‍റെ സര്‍വസ്വവും കുടുംബമാണെന്നു കരുതുന്ന, ഭര്‍ത്താവും മകളുമില്ലാതെ തനിക്കൊരു നിലനില്‍പ്പില്ലെന്നു വിശ്വസിക്കുന്ന നിരുപമ രാജീവ് ആണ് ചിത്രത്തിലെ നായിക. എന്നാല്‍ ആ ചിന്താഗതിയും സമര്‍പ്പണവും നഷ്ടങ്ങള്‍ മാത്രം നല്‍കി പുറകോട്ടു വലിക്കുമ്പോള്‍, ഉള്ള സൗഭാഗ്യങ്ങള്‍(?) കൂടി നഷ്ടപ്പെടുത്തുമ്പോള്‍, തന്നെ തളര്‍ത്തുകയും അശക്തയാക്കുകയും ചെയ്യുമ്പോള്‍ സ്വയം താന്‍ എന്താണെന്നുള്ള അന്വേഷണത്തിലേക്കും തിരിച്ചറിവിലേക്കും നിരുപമയ്ക്ക് ഒരു യാത്ര ചെയ്യേണ്ടിവരുന്നു. ആ യാത്രയില്‍ ബലമാകാന്‍ സുഹൃത്തുക്കളുള്ളപ്പോള്‍ ‘പ്രായം’ ആ യാത്രയുടെ നിമിത്തമായി കാരണമായി ഭവിക്കുകയാണ്.

നിരുപമയായി വെള്ളിത്തിരയിലേക്ക് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മടങ്ങിവന്ന മഞ്ജു വാര്യര്‍ കഥാപാത്രമായിതന്നെ  മാറിയിരിക്കുന്നു – അത്ര ഗംഭീരമാണ് ആ പകര്‍ന്നാട്ടം. നിരുപമയുടെ ഭര്‍ത്താവായി എത്തുന്ന കുഞ്ചാക്കോ ബോബനും അസാധ്യമായിരിക്കുന്നു. ഇവര്‍ മാത്രമല്ല ഈ ചിത്രത്തിന്‍റെ ഭാഗമായ എല്ലാവരും –അമൃത അനില്‍, കുഞ്ചന്‍, കലാരഞ്ജിനി, ലാലു അലക്സ്, കനിഹ, മുത്തുമണി, സേതുലക്ഷ്മി തുടങ്ങിയെല്ലാവരും കൈയ്യടക്കത്തോടെ സ്വാഭാവികാഭിനയം കാഴ്ചവച്ചിരിക്കുന്നു. എങ്കിലും ചിത്രത്തിന്‍റെ ഹൈലൈറ്റ് മഞ്ജു തന്നെയാണ്. നായിക മറ്റാരെങ്കിലും ആയിരുന്നെങ്കില്‍……..ഇല്ല – ആ ചോദ്യത്തിന്‍റെ പ്രസക്തി തന്നെ നഷ്ടമായിരിക്കുന്നു.

‘ഹൌ ഓള്‍ഡ്‌ ആര്‍ യൂ’ എന്ന ചോദ്യത്തില്‍നിന്നു തുടങ്ങുന്ന ചിത്രം വളരെ തന്മയത്വത്തോടെ, പ്രേക്ഷകരെ മടുപ്പിക്കാതെ പല സാമൂഹിക സാംസ്കാരിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു. എങ്കിലും എല്ലാത്തിനുമുപരിയായി; പ്രായമോ കുടുംബമോ ജോലിയോ ഒന്നുംതന്നെ നിങ്ങളെ നിങ്ങളുടെ സ്വപ്നങ്ങളില്‍നിന്ന്‍ അകറ്റി നിര്‍ത്താന്‍പോന്ന കാരണങ്ങളല്ല എന്നു പറഞ്ഞുവയ്ക്കുന്നു ഈ ചിത്രം, സ്വപ്നങ്ങളില്‍ നിന്ന് സാക്ഷാത്കാരത്തിലേക്കുള്ള ദൂരം നിങ്ങള്‍ മാത്രമാണെന്നുള്ള കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട്…

സൈഡ് കട്ട്: കുടുംബത്തോടൊപ്പം പോയി ഈ ചിത്രം കാണുക. കാണാതിരുന്നാലുള്ള നഷ്ടം ‘ഈ വര്‍ഷത്തെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്ന്’ എന്നത് മാത്രമല്ല അതിലും കൂടുതലാണ്.