മലിന്‍ഡോ എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ കുറയ്ക്കുന്നു

0

കോലാലംപൂര്‍ : മലേഷ്യയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന ഹൈബ്രിഡ് എയര്‍ലൈനായ മലിന്‍ഡോ എയര്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുന്നു.താല്‍ക്കാലികമായി ജൂലൈ മാസത്തില്‍ ആഴ്ചയില്‍ 4 സര്‍വീസുകള്‍ വീതം നടത്തുവാനാണ് എയര്‍ലൈന്‍ തീരുമാനിച്ചിരിക്കുന്നത്.എന്നാല്‍ ആഗസ്റ്റ്‌ മുതല്‍ പതിവുപോലെ 7 സര്‍വീസുകള്‍ നടത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.നിലവില്‍ കൊച്ചിയിലേക്ക് ആഴ്ചയില്‍ 7 സര്‍വീസുകളാണുള്ളത്. 
 
നിരക്കില്‍ വന്‍തോതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും യാത്രക്കാരില്ലാത്തതാണ് സര്‍വീസുകള്‍ കുറയ്ക്കുവാന്‍ മലിന്‍ഡോ എയറിനെ പ്രേരിപ്പിക്കുന്നത്.കൊച്ചിയില്‍ നിന്ന് മലേഷ്യയിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന് ബാഗേജ് ,ഭക്ഷണം തുടങ്ങിയ എല്ലാ ചിലവുകളും ഉള്‍പ്പെടെ 7000 രൂപ മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നത്.എന്നാല്‍ മലേഷ്യ എയര്‍ലൈന്‍സ്‌ ,എയര്‍ ഏഷ്യ എന്നിവയുമായുള്ള കടുത്ത മത്സരവും , ട്രാന്‍സിറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതും മലിന്‍ഡോ എയറിന് തിരിച്ചടിയാകുന്നുണ്ട് .ആവശ്യമുള്ളതിലും കൂടുതല്‍ സീറ്റുകള്‍ ഈ റൂട്ടില്‍ ഉള്ളതിനാല്‍ മിക്ക ദിവസവും പകുതിയില്‍ താഴെ മാത്രം യാത്രക്കാരുമായാണ് മലിന്‍ഡോ സര്‍വീസ് നടത്തുന്നത്.80% -ഇല്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്ന എയര്‍ ഏഷ്യയ്ക്കും വന്‍തോതില്‍ യാത്രക്കാരെ നഷ്ടമായിട്ടുണ്ട്.ദിവസത്തില്‍ മൂന്നു മുതല്‍ നാലു വരെ സര്‍വീസുകളാണ് ഇപ്പോള്‍ കൊച്ചിയില്‍ നിന്ന് കൊലാലംപൂരിലേക്കുള്ളത്.മത്സരം കടുത്തതോടെ നിരക്കില്‍ വന്‍തോതില്‍ കുറവുണ്ടാകുകയും ,തന്മൂലം കൂടുതല്‍ മലയാളികള്‍ അവധിക്കാലം ആഘോഷിക്കുവാന്‍ മലേഷ്യ തിരഞ്ഞെടുക്കുകയും ചെയ്യുന്നുന്ടെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.നിരക്കുയുദ്ധത്തില്‍ പിടിച്ചുനില്‍ക്കുവാന്‍ മലേഷ്യ എയര്‍ലൈന്‍സും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.