മലിന്‍ഡോ എയര്‍ സിംഗപ്പൂരിലേക്ക് , കൊച്ചിയിലേക്ക് കണക്ഷന്‍ ഫ്ലൈറ്റുകളും

0

സിംഗപ്പൂര്‍ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലിന്‍ഡോ എയറിന് സിംഗപ്പൂരിലേക്ക് സര്‍വീസ് തുടങ്ങുവാന്‍ അനുമതി ലഭിച്ചു .നവംബര്‍ 3 മുതല്‍ ദിവസേനെ 3  വീതം സര്‍വീസുകള്‍ നടത്തുവാനാണ് എയര്‍ലൈന്‍സ്‌ തീരുമാനിച്ചിരിക്കുന്നത് .സിംഗപ്പൂരില്‍ നിന്ന് 18 ഡോളര്‍ എന്ന ഞെട്ടിപ്പിക്കുന്ന ഓഫറുമായാണ് മലിന്‍ഡോ എയര്‍ പുതിയ റൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇതോടെ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുവാനുള്ള മറ്റൊരു അവസരം കൂടി ലഭ്യമാവുകയാണ്‌ .

തുച്ഛമായ നിരക്കില്‍ മികച്ച സര്‍വീസ് നല്‍കുന്നതില്‍ പേരെടുത്ത മലിന്‍ഡോ എയര്‍ കൊലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങിയിട്ട് ആറുമാസം പിന്നിടുന്നു .എയര്‍ ഏഷ്യയുമായുള്ള ശക്തമായ മത്സരത്തിന്റെ ഫലമായി ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകളാണ് മലിന്‍ഡോ എയര്‍ നല്‍കുന്നത് .കൊച്ചിയില്‍ നിന്ന് കൊലാലംപൂര്‍ വഴി സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുവാന്‍ വെറും 6700  രൂപ മാത്രം മതിയാകും .കൊച്ചിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 30 കി.ഗ്രാം ബാഗേജ് ,സൗജന്യ ഭക്ഷണം തുടങ്ങിയവ മലിന്‍ഡോ എയര്‍ ഓഫര്‍ ചെയ്യുന്നുണ്ട് .

തിരക്കേറിയ ഡിസംബര്‍ മാസത്തില്‍ ദിവസേനെ രണ്ടു സര്‍വീസുകള്‍ കൊച്ചിയിലേക്ക് നടത്തുവാനാണ് മലിന്‍ഡോ എയര്‍ തീരുമാനിച്ചിരിക്കുന്നത്.മലിന്‍ഡോ എയര്‍ കൂടാതെ എയര്‍ ഏഷ്യ ,മലേഷ്യ എയര്‍ലൈന്‍സ്‌ എന്നിവയും കൊലാലംപൂര്‍ വഴി സിംഗപ്പൂരിനെ കൊച്ചിയുമായി ബന്ധിപ്പിക്കുന്നു .കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വര്‍ധനവ്‌ എയര്‍ലൈന്‍സ്‌ സര്‍വീസുകള്‍ക്ക് സഹായകമാകുന്നു എന്നാണ് മലിന്‍ഡോ എയര്‍ വിലയിരുത്തുന്നത് .

സിംഗപ്പൂരില്‍ നിന്ന് 18 ഡോളര്‍ കൊടുത്താല്‍ കൊലാലംപൂര്‍ വരെ യാത്ര ചെയ്യാനാകും .റിട്ടേണ്‍ ടിക്കറ്റിനു 50 ഡോളര്‍ മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നത് .എയര്‍ ഏഷ്യ ,ജെറ്റ്സ്റ്റാര്‍ ,ടൈഗര്‍ എയര്‍ ,ഫയര്‍ ഫ്ലൈ എന്നീ ബജറ്റ് എയര്‍ലൈനുകള്‍ സിംഗപ്പൂരില്‍ നിന്ന് കൊലാലംപൂരിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.ഇതോടെ ഈ മേഖലയിലെ മത്സരം വര്‍ദ്ധിക്കുകയും നിരക്കുകള്‍ കുറയുകയും ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍ .