മലയാളത്തില്‍ ഒരു പുതിയ ചാനല്‍ കൂടി: ഫ്ലവേഴ്സ് ടിവി അടുത്ത ഫെബ്രുവരിയില്‍

0

തിരുവനന്തപുരം: പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന എന്‍റര്‍ടെയിന്‍മെന്‍റ് ടിവി ചാനല്‍ ഫ്ലവേഴ്സ് വരുന്ന ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്ത്യയിലെ ആദ്യത്തെ മീഡിയ സിറ്റിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളതാണ്‌.  വിനോദ ടെലിവിഷന്‍ ചാനല്‍ ഫ്ലവേഴ്സ്. 2015  ഫെബ്രുവരി ആദ്യവാരം കൊച്ചിയില്‍നിന്നും സംപ്രേക്ഷണം തുടങ്ങും. മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ തിരുവനന്തപുരത്ത് നിന്ന് ഏപ്രിലിലും അന്താരാഷ്ട്ര മാധ്യമ കോളേജ് സെപ്തംബറില്‍ കൊച്ചിയില്‍നിന്നും ആരംഭിക്കാനാണ് പദ്ധതി. തിരുവനന്തപുരം താജ് വിവാന്‍റാ ഹോട്ടലില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍സൈറ്റ് മീഡിയ സിറ്റി ഭാരവാഹികള്‍ അറിയിച്ചതാണ് ഇക്കാര്യം. കേരളീയതയില്‍ കാലുരപ്പിക്കുന്ന ഫ്ലവേഴ്സ് ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ ലോകനിലവാരം കാത്തുസൂക്ഷിക്കുമെന്ന് ഫ്ലവേഴ്സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അറിയിച്ചു. സാങ്കേതിക വിദ്യയിലും ഉള്ളടക്കത്തിലും ലോക ടെലിവിഷനില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാവും പരിപാടികള്‍ നിര്‍മ്മിക്കുക.

മാധ്യമ രംഗത്ത് പതിറ്റാണ്ടുകളുടെ സേവനപാരമ്പര്യമുള്ള നൂറോളം പ്രൊഫഷനലുകളും സ്വന്തം പ്രവര്ത്തനമേഘലകളില്‍ വിജയകിരീടം ചൂടിയ സാമൂഹ്യ വീക്ഷണമുള്ള ഒരുസംഘം സംരഭകരുമാണ് ഫ്ലവേഴ്സ് ചാനലിന് പിന്നില്‍. ഹൈഡഫിനിഷന്‍ സാങ്കേതിക വിദ്യയിലായിരിക്കും പരിപാടികള്‍ തയ്യാറാക്കുക.

ആദ്യഘട്ടത്തില്‍ 500 കോടി മുതല്‍ മുടക്കുള്ള അഭിമാനകരമായ ഈ സംരഭത്തിന് പിന്നില്‍ ഇന്‍സൈറ്റ് മീഡിയ സിറ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡാണ്. ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയില്‍ തന്നെ ആദ്യത്തേതുമായ ഇന്‍സൈറ്റ് മീഡിയ സിറ്റിയില്‍ പതിനാല് മാധ്യമ സംരംഭങ്ങളാണ് മൂന്നു ഘട്ടങ്ങളായി പ്രവര്‍ത്തനമാരംഭിക്കുക.  എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിലെ 27 ഏക്കറിലാണ് മീഡിയസിറ്റി സമുച്ചയം ഉയരുന്നത്.

ടിവി ചാനലുകളും, മീഡിയ കോളേജിനും പുറമേ ചലച്ചിത്രനിര്‍മ്മാണ ഡിവിഷനും, വിവിധ രാജ്യങ്ങളില്‍ ഇവന്‍റുകള്‍ സംഘടിപ്പിക്കാന്‍ ലക്‌ഷ്യം വെക്കുന്ന വേള്‍ഡ് ഇവന്‍റ് സെന്‍ററും മീഡിയ സിറ്റിയില്‍ ഉണ്ടായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഫ്ലവേഴ്സിന്‍റെ ലോഗോ പ്രകാശനം ഗോകുലം ഗോപാലന്‍ നിര്‍വഹിച്ചു.
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.